ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോൾ വില 21 പൈസയും ഡീസൽ വില 19 പൈസയുമാണ് കുറഞ്ഞത്.   രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിഞ്ഞതും രൂപയുടെ മൂല്യത്തിൽ നേരിയ  വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഈ മാറ്റം.

ഇനി വരുന്ന ദിവസങ്ങളിലും ഇന്ധനവില താഴേക്ക് പോകുമെന്നാണ് സൂചനകള്‍.  തിരുവനന്തപുരത്ത് പെട്രോള്‍ വില 80.13 രൂപയും ഡീസല്‍ വില 76.84 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 78.93 രൂപയും ഡീസലിന് 75.74 രൂപയുമാണ് വില. ഇതേസമയം, കൊച്ചിയിൽ 78.68 രൂപയും 75.47 രൂപയുമാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്ന വില.

ഗോവ, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളില്‍ ഡീസലിന് പെട്രോളിനേക്കാള്‍ കൂടുതല്‍ വിലയാണ് ഈടാക്കുന്നത്. ഗോവയില്‍ പെട്രോളിനേക്കാള്‍ രണ്ടു രൂപ ഡീസലിന് അധികം നല്‍കണം.  ഗുജറാത്തിലും ഒഡീഷയിലും പോര്‍ട്ട് ബ്ലെയറിലും പെട്രോളിനേക്കാള്‍ ഒരു രൂപ അധികമാണ് ഡീസല്‍ നിരക്ക്.

ഒക്ടോബറില്‍ രൂപയുടെ മൂല്യം എക്കാലത്തേയും താഴ്‍ന്ന നിലയില്‍ എത്തിയിരുന്നു. ഒരു ഡോളറിന് 74.48 രൂപയായിരുന്നു വിനിമയ മൂല്യം. ഇതാണ് ഇന്ന് മെച്ചപ്പെട്ടിരിക്കുന്നത്. ഇന്ന് രാജ്യാന്തര വിനിമയ നിരക്കിൽ ഒരു ഡോളറിന് 72 രൂപയാണ് നൽകേണ്ടത്. രൂപയുടെ മൂല്യം ഇടിയുന്നതനുസരിച്ച് ഇറക്കുമതി ചെലവിലുണ്ടാകുന്ന വര്‍ധനവ്, രാജ്യത്ത് ഇന്ധനവില വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകം രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയാണ്. കാരണം ഇന്ത്യ 80 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ