തിരുവനന്തപുരം: ജനങ്ങളെ ദുരിതക്കയത്തിലേക്ക് തളളിവിട്ടുകൊണ്ട് രാജ്യത്ത് ഇന്ധനവില പിന്നെയും വർദ്ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാന തലസ്ഥാനത്ത് ഇന്ധന വില 82.30 രൂപയായി. ഡീസലിന് 74.93 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ പെട്രോളിന് 81.01 രൂപയാണ്. ഡീസലിന് 73.72 രൂപയും.

അതേസമയം, കോഴിക്കോട് പെട്രോളിന് 81.27 രൂപയും ഡീസൽ വില 73.99 രൂപയുമാണ്. രാജ്യത്ത് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് ഇന്ധന വിലയിലൂടെയാണെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ വാദം. ഇന്നലെ ബിജെപി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഈ വിഷയത്തിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുന്ന കോൺഗ്രസ് പാർട്ടിയെ വിമർശിച്ചിരുന്നു. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തെ വില മാത്രമേ ഇന്ധനത്തിനുളളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, ഇന്ധനവില കുതിച്ചു കയറി രാജ്യത്ത് സർവ്വകാല റെക്കോർഡ് സ്ഥാപിച്ചു. ഇക്കഴിഞ്ഞ ഓരോ ദിവസങ്ങളിലും ഇന്ധന വില റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ്.

വില വർധനയ്‌ക്ക് ദീർഘകാല പരിഹാരം കണ്ടെത്താൻ ആലോചിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വാദം. പക്ഷെ ഈ നിലയ്ക്ക് വില ഉയരുമ്പോഴും കാര്യക്ഷമമായ ഇടപെടലിൽ നിന്ന് പിന്നാക്കം പോകാൻ സർക്കാർ മടിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ