രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം നടക്കും. ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി, ആര്‍ബിഐ ഗവർണർ ഊർജിത് പട്ടേൽ എന്നിവരുമായി ഇന്നലെ വൈകിട്ട് യോഗം ചേർന്നിരുന്നു. ഇന്ന് വൈകിട്ടും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് യോഗം തുടരും.

രൂപയുടെ മൂല്യത്തകർച്ച, ഇന്ധന വില വർധന എന്നിവയാണ് പ്രധാന അജണ്ട.  രൂപയുടെ മൂല്യം ഇപ്പോൾ 72.10 ആണ്. ചരിത്രത്തിലെ ഏറ്റവും മോശം നിലയാണിത്.  വിദേശ വ്യാപാര കമ്മിയും, ഇന്ധന വില വർദ്ധനവും ഉണ്ടാക്കുന്ന പ്രതിസന്ധികൾ വേറെയും ഉണ്ട്. പ്രതിപക്ഷ ആക്രമണം കടുത്തതും ജനവികാരം എതിരാണെന്ന ഭീതിയുമാണ് ഉന്നതതല യോഗത്തിന് പ്രേരിപ്പിച്ചത്.

ധനമന്ത്രി ജെയ്റ്റ്‌ലി, ആര്‍ബിഐ ഗവർണർ, ഡെപ്യൂട്ടി ഗവർണര്‍, റവന്യൂ സെക്രട്ടറി തുടങ്ങിയവർ  ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യവും, അതിനെ ബാധിക്കുന്ന രാജ്യാന്തര വിപണി കാരണങ്ങളും ആര്‍ബിഐ ഗവർണർ ഊർജിത് പട്ടേൽ യോഗത്തിൽ വിശദീകരിച്ചു. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് പാദത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇറക്കുമതി – കയറ്റുമതി അന്തരം ഇപ്പോഴുളളത്. എപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2.4 ശതമാനമാണ് ഇത്. ഇത്തരം സാഹചര്യങ്ങൾ മറികടക്കാനുള്ള വിശദ പരിശോധന ഇന്നത്തെ യോഗത്തിലുണ്ടാകും. കൂടുതൽ മന്ത്രാലയ സെക്രട്ടറിമാരെയും സാമ്പത്തിക വിദഗ്‌ധരെയും ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook