പൂനെ: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ)യിൽ വിദ്യാർഥി സംഘടന പ്രതിഷേധം. ഉയർന്ന എൻട്രൻസ് പരീക്ഷ ഫീസിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് കൊളള ലാഭം കൊയ്യുകയാണെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളും വിദ്യാർഥികൾ പുറത്തുവിട്ടു. എൻട്രൻസ് പരീക്ഷ ഫീസ് വർധനവിലൂടെ ഒരു കോടിയോളം രൂപ (2019 ൽ 1.38 കോടി, 2018 ൽ 1.17 കോടി) ഇൻസ്റ്റിറ്റ്യൂട്ടിന് ലാഭം കിട്ടിയതായാണ് വിവരാവകാശ രേഖകൾ. എൻട്രൻസ് ഫീസ് വർധനവിലും വിവിധ കോഴ്സുകളുടെ ഫീസ് വർധനവിലും പ്രതിഷേധിച്ച് നാലു വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്.

2017 മുതൽ പൂനെയിലെ എഫ്ടിഐഐയും കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് എൻട്രൻസ് പരീക്ഷ നടത്തിയിരുന്നത്. ഈ സ്കീമിന് കീഴിൽ, എഴുത്തുപരീക്ഷ സംയുക്തമായി നടത്തുകയും മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അഭിമുഖം/ഓഡിഷനുകൾക്കായി ക്ഷണിക്കുകയും ചെയ്യും.

ഈ വർഷം, എഫ്‌ടിഐഐ മൂന്ന് ഗ്രൂപ്പുകളായി കോഴ്‌സുകൾ തരംതിരിച്ചു. ഒരു ഗ്രൂപ്പിലെ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള ഫീസ് 4,000 രൂപയും, രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളിലുളള കോഴ്സുകൾക്കുളള അപേക്ഷ ഫീസ് 8,000 രൂപയും, മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള കോഴ്സുകൾക്കുളള അപേക്ഷാ ഫീസ് 10,000 രൂപയുമാക്കി നിശ്ചയിച്ചു. എസ്‌സി, എസ്ടി വിഭാഗങ്ങളിലുളളവർക്ക് 1,250, 2,500, 3,125 എന്നിങ്ങനെയാണ് ഫീസ് നിരക്ക്.

എഫ്‌ടിഐഐയുടെ പ്രവേശന പരീക്ഷ ഏറ്റവും ചെലവേറിയ പരീക്ഷയാണെന്നും ഐഐടികൾക്കും ഐഐഎമ്മുകൾക്കും ഉള്ളതിനേക്കാൾ ഉയർന്ന ഫീസ് നിരക്കാണെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. ”2016 ൽ എൻട്രൻസ് ഫീസ് 2,150 രൂപയാക്കി. ഇപ്പോൾ 4,000 മുതൽ 10,000 വരെയാക്കി. വിദ്യാർഥികളിൽനിന്നും പണം തട്ടിയെടുക്കാനുളള ഒരു തന്ത്രമാണിത്. നിലവിലെ ഭരണകൂടം ഫിലിം എജ്യൂക്കേഷൻ ചെലവേറിയതാക്കുക മാത്രമല്ല, പഠിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ലാഭം കൊയ്യുകയും ചെയ്യുന്നു,” എഫ്‌ടിഐഐ വിദ്യാർഥികളുടെ സംഘടന തലവനായ ആദിത് വി സാത്‌വിൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook