ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ടീ ബാഗുകളുടെ കാര്യത്തിൽ സർക്കാർ ശക്തമായ നടപടിക്കൊരുങ്ങുന്നു. ടീ ബാഗുകളുടെ നിർമ്മാണം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്.

ടീ ബാഗുകളിൽ ഉപയോഗിക്കുന്ന ‘സ്‌റ്റേപ്ലര്‍ പിന്‍’ ആണ് വില്ലനായിരിക്കുന്നത്. ചായയ്‌ക്കൊപ്പം പിൻ ശരീരത്തിന് അകത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ ഒഴിവാക്കാനാണ് സർക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പും നീക്കം നടത്തുന്നത്.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്റ്റേപ്ലർ പിൻ ഉൾപ്പെട്ട ടീ ബാഗുകൾ ഉപേക്ഷിക്കണമെന്ന് മുൻപ് തന്നെ തീരുമാനിച്ചതാണ്. ഇപ്പോഴാണ് നടപടിയെടുക്കുന്നത്. ടീ ബാഗുകൾ നിർമ്മിക്കുന്ന കമ്പനികൾക്കായി ഇത് സംബന്ധിച്ച സർക്കുലറും അതോറിറ്റി ഇറക്കി. എന്നാൽ ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന ടീ ബാഗുകൾ വിറ്റഴിക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

സ്റ്റേപ്ലർ പിൻ ഉപയോഗിക്കരുതെന്ന നിർദ്ദേശം വന്നതോടെ ഇനി ടീ ബാഗുകൾ ഉപയോഗിച്ചുളള ചായക്ക് വില കൂടാനും സാധ്യതയുണ്ട്. ഇവ നിർമ്മിക്കാൻ ചിലവ് കൂടുതലാണെന്നതാണ് കാരണം. മാത്രമല്ല, പിൻ ഇല്ലാതെ ടീ ബാഗ് നിർമ്മിക്കാൻ തക്ക യന്ത്രസംവിധാനങ്ങളുടെ ലഭ്യതക്കുറവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുളള പ്രതിസന്ധികളെല്ലാം പരിഗണിച്ചാണ് സുരക്ഷിതമായ മാർഗ്ഗം കണ്ടെത്താൻ 2019 ജൂൺ 30 വരെ സമയം അനുവദിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ