ന്യൂഡൽഹി: വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരായ നടപടികൾ ബിജെപി നേതാക്കൾക്കെതിരെ സ്വീകരിക്കാത്തതിന്റെ പേരിൽ ഫെയ്സ്ബുക്കിന്റെ ജീവനക്കാർക്കിടയിലും അസ്വസ്ഥതകൾ ഉയരുന്നു. എന്തുകൊണ്ടാണ് ബിജെപിയുമായി ബന്ധമുള്ള വ്യക്തികളുടേയും സംഘങ്ങളുടേയും വെറുപ്പ് നിറഞ്ഞ പ്രസ്താവനകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്ന് ആരാഞ്ഞ് സ്ഥാപനത്തിലെ പതിനൊന്ന് ജീവനക്കാർ നേതൃത്വത്തിന് കത്ത് നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലിം സമുദായത്തിലുള്ളവർക്കെതിരായ വിദ്വേഷ പ്രചാരണത്തെ പൂര്‍ണമായി തള്ളിപറയാന്‍ ഫെയ്സ്ബുക്ക് തയ്യറാകാണമെന്നും ഈ പ്രചാരണത്തോടുള്ള സമീപനത്തില്‍ കമ്പനി കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Read More: ഫേസ്ബുക്ക്-ബിജെപി ബന്ധം: ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പരിശോധിക്കും
ബിജെപിയുമായി ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് കമ്പനിയുടെ രാജ്യത്തെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെന്ന് അമേരിക്കന്‍ മാധ്യമമായ ദി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ ഉയരുന്നത്.
ഫെയ്സ്ബുക്കിന്റ നിലവിലെ തീരുമാനം സങ്കടകരമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ തനിച്ചല്ല. വിവിധ രാജ്യങ്ങളിലെ കമ്പനി പ്രവർത്തകർക്കും സമാനഭിപ്രായമാണുള്ളത്. ഇപ്പോള്‍ ഉന്നയിച്ച ഈ പ്രശ്‌നത്തില്‍ ഫെയ്സ്ബുക്ക് നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ മുസ്‌ലിം സമുദായം കാത്തിരിക്കുന്നുണ്ട്- കത്തില്‍ പറയുന്നു. എന്നാൽ കമ്പനി ഇതുവരെ കത്തിനോട് പ്രതികരിച്ചിട്ടില്ല.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടന്ന തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
ബിജെപി നേതാക്കളുടെ സന്ദേശങ്ങള്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഫേസ്ബുക്കിന്റെ തന്നെ സംവിധാനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വിദ്വേഷ പോസ്റ്റുകള്‍ക്ക് എതിരെയുള്ള ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിച്ചില്ല.
ഫെയ്സ്ബുക്കിന്റെ ഈ തീരുമാനം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മിറ്റിയാണ് അന്വേഷിക്കുന്നത്. പാര്‍ലമെന്ററി കമ്മിറ്റി ഈ വിഷയത്തില്‍ ഫെയ്സ്ബുക്കിന്റെ കാഴ്ചപ്പാട് എന്താണെന്ന് ആരായുമെന്ന് ശശി തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലംഘനങ്ങള്‍ക്ക് ബിജെപിക്കാരെ ശിക്ഷിക്കുന്നത് ഫെയ്സ്ബുക്കിന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യത്തിലെ ബിസിനസ് സാധ്യതകള്‍ക്ക് ഹാനികരമാകുമെന്നതിനാല്‍ നടപടി എടുക്കുന്നതില്‍ നിന്നും ജീവനക്കാരെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് പറഞ്ഞുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ ഫേസ്ബുക്കിനേയും വാട്‌സ്ആപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍ എസ് എസും ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു