ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ ദേരാ സച്ച സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വളര്‍ത്തുമകളാണെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പൊലീസ് കണ്ടെടുത്തു. ദേരാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെത്തിയതെന്ന് സിര്‍സ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുര്‍മീതിന്റെ സ്വകാര്യ ഡയറിയില്‍, ഗുര്‍മീതും ഹണിപ്രീതും തമ്മിലുള്ള ബന്ധം, സിനിമ സംവിധാനം എന്നീ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദേരയെക്കുറിച്ചുള്ള വിവരങ്ങളാണ് മറ്റ് ഡയറികളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലഭിച്ച ഉപഹാരങ്ങള്‍, സംഭാവനകള്‍, വരുമാനം, ചെലവ്, വിവിധ ദേരാ ശാഖകളില്‍നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഡയറികളുടെ പകര്‍പ്പ് ആദായനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് സൂചനകള്‍.
വിദേശത്ത് താമസമാക്കിയവരും അല്ലാത്തവരുമായി ദേരയ്ക്കു പിന്തുണ നല്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ഡയറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടാല്‍ ഇവരുടെ സഹായം തേടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. നിലവില്‍ അംബാലയിലെ ജയിലിലാണ് ഹണിപ്രീത്.