പൂണെ: സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന എല്ലാ ക്ഷേത്ര സ്വത്തുക്കളും ഹിന്ദു സമൂഹത്തിനു തിരികെ നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. വിവിധ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’യെ മറികടക്കാന്‍ ജനസംഖ്യാ നയം വേണമെന്ന ആര്‍എസ്എസ് ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു.
രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നു പറഞ്ഞ ഭാഗവത് ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളില്‍ ആര്‍ക്കും ഒരു നിയന്ത്രണമില്ലെന്നും നമ്മുടെ കുട്ടികള്‍ അത് കാണുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക വിജയദശമി പരിപാടിയില്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയിലെ മിക്ക ഹിന്ദു ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് സര്‍ക്കാരാണെന്ന് ഭാഗവത് നിരീക്ഷിച്ചു. ”ഇന്ത്യയില്‍ പല ക്ഷേത്രങ്ങളും നടത്തുന്നത് ട്രസ്റ്റുകളാണ്. ഇരു സംഭവങ്ങളിലും നല്ലതും ചീത്തയുമായ നടത്തിപ്പിന്റെ ഉദാഹരണങ്ങള്‍ നാം കാണുന്നു,” അദ്ദേഹം പറഞ്ഞു.
”ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ വെളിച്ചത്തുവന്നിട്ടുണ്ട്. ഓരോ ക്ഷേത്രത്തിനും അതില്‍ കുടികൊള്ളുന്ന പ്രതിഷ്ഠയ്ക്കും പ്രത്യേക ആചാരപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. അത്തരം ആചാരപരമായ കാര്യങ്ങളില്‍ ഇടപെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
Also Read: സിംഗു കർഷകസമര സ്ഥലത്ത് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി
ക്ഷേത്രങ്ങളിലെ മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച പല തീരുമാനങ്ങളും പണ്ഡിതന്മാരുമായും ആത്മീയ ആചാര്യന്മാരുമായും കൂടിയാലോചിക്കാതെ തോന്നിയ തരത്തിലും ഹിന്ദു സമൂഹത്തിന്റെ നിസംഗത കാരണവും എടുത്തതാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. ഹിന്ദു ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഹിന്ദു ഭക്തര്‍ക്ക് കൈമാറേണ്ടത് അത്യാവശ്യവും ന്യായയുക്തവുമാണ്. ക്ഷേത്രസമ്പത്ത് ദേവന്മാരുടെ ആരാധനയ്ക്കും ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും മാത്രമാണ് ഉപയോഗിക്കേണ്ടത്.
ജനസംഖ്യാ വളര്‍ച്ചാ നിരക്കുകളിലെ വ്യത്യാസം മൂലമുണ്ടാകുന്ന ‘വര്‍ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ’ തിരുത്താനുള്ള ജനസംഖ്യാ നയം വേണമെന്ന ആവശ്യം മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് ഈ ജനസംഖ്യാ നയം ഉപയോഗപ്രദമാകും. കാരണം അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നിലവിലെ ചെറുപ്പക്കാരുടെ പ്രായം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയുടെ ആവശ്യകതകളെയും പ്രായമായവരെ പരിപാലിക്കേണ്ട യുവജനങ്ങളുടെ ആവശ്യകതയെക്കുറിച്ചും നമുക്ക് ഉറപ്പുണ്ടായിരിക്കണം. എന്നാല്‍ ജനസംഖ്യയുടെ സന്തുലിതാവസ്ഥയ്ക്കൊപ്പം, കുറച്ചുവര്‍ഷങ്ങളായി വര്‍ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമായ നയം അനിവാര്യമാണ്. നുഴഞ്ഞുകയറ്റക്കാര്‍ പൗരത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടണം.
Also Read: താലിബാനുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഇന്ത്യ; റഷ്യയുടെ ക്ഷണം സ്വീകരിച്ചു
ഇസ്ലാമിന്റെ പേരിലുള്ള തീവ്രമായ മതഭ്രാന്തും സ്വേച്ഛാധിപത്യവും തീവ്രവാദവും താലിബാനെ എല്ലാവരെയും ഭയപ്പെടുത്താന്‍ പര്യാപ്തമാണ്. എന്നാല്‍ ഇപ്പോള്‍ ചൈനയും പാകിസ്ഥാനും തുര്‍ക്കിയും താലിബാനുമായുള്ള അവിശുദ്ധ സഖ്യത്തിനൊപ്പം ചേര്‍ന്നു. അതിര്‍ത്തികളിലെ നമ്മുടെ സൈനിക സന്നദ്ധത എല്ലാ അര്‍ഥത്തത്തിലും എല്ലാക്കാലത്തും ജാഗരൂകരായിരിക്കണം.
അനുച്‌ഛേദം 370 റദ്ദാക്കിയതിന്റെ പ്രയോജനം ജമ്മു കശ്മീരിലെ ജനങ്ങള്‍ അനുഭിക്കാന്‍ തുടങ്ങി. എന്നാല്‍ സമാധാനം തകര്‍ക്കാനും പൊതുജനങ്ങളുടെ മനോവീര്യം കുറയ്ക്കാനും തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് ആരംഭിച്ചിട്ടുണ്ട്. അവരെ സര്‍ക്കാര്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. അതേസമയം, ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടാനാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മയക്കുമരുന്ന് മാഫിയയെ കര്‍ശനമായി നേരിടണമെന്നു പറഞ്ഞ ഭാഗവത്, മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്നുള്ള പണം ഏത് രാജ്യങ്ങളില്‍ കണ്ടെത്താമെന്ന് നമുക്കറിയാമെന്നും നാം അതിനെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.