ന്യൂഡല്‍ഹി: കാന്‍സറിനെതിരെ കഞ്ചാവ് ചെടിയില്‍ നിന്ന് മരുന്ന് ഉത്പാദിപ്പിയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കാന്‍സറിനെ കൂടാതെ അപസ്മാരത്തിനെതിരെയുളള മരുന്നും അടുത്ത വര്‍ഷത്തോടെ ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഫോര്‍ സൈന്റിഫിക്-അന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍)ന്റെ മേല്‍നോട്ടത്തിലാണ് ഉത്പാദനം നടക്കുക. വഴിത്തിരിവുണ്ടാക്കുന്ന മരുന്നുകളാവും ഇതെന്നാണ് സി.എസ്.ഐ.ആര്‍ വ്യക്തമാക്കുന്നത്.
കാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുളള കഴിവുണ്ടെന്ന് നേരത്തേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കഞ്ചാവില്‍ നിന്ന് കാന്‍സറിനെതിരായ മരുന്ന് വികസിപ്പിയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.
കാന്‍സറിനും അപസ്മാരത്തിനും നിലവിലുളള മരുന്നുകളേക്കാള്‍ ഏറെ ഫലപ്രദായിരിക്കും ഉത്പാദിപ്പിക്കാന്‍ പോവുന്ന മരുന്നുകളെന്നാണ് റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗികളില്‍ വേദനാസംഹാരത്തിനായി ഇപ്പോള്‍ മോര്‍ഫിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റ് ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെങ്കിലും കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്ന് ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.
കാന്‍സര്‍ സംബന്ധമായ മരുന്നിന്റെ പീക്ഷണത്തിനായി സി.എസ്.ഐ.ആറിന്റെ ഐഐഎംഐ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി കൈകോര്‍ത്തിട്ടുണ്ട്. അപസ്മാര സംബന്ധമായ മരുന്നിന്റെ ഉദ്പാദനത്തിന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയാണ് പരീക്ഷണശാലയാവുക.
അടുത്തിടെ മൃഗങ്ങളില്‍ നടത്തിയ പഠനത്തിലും കഞ്ചാവിന്റെ ഔഷദഗുണങ്ങള്‍ കണ്ടെത്തിയിരുന്നു. ബ്രെയിന്‍ ട്യൂമറിന് കാരണമാകുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിയ്ക്കുന്നതിലാണ് കഞ്ചാവ് ഏറെ പ്രയോജനകരമാവുകയെന്നാണ് പറയുന്നത്. റേഡിയേഷനൊപ്പം കഞ്ചാവ് നല്‍കുന്നതും രോഗം കുറയാനുള്ള സാധ്യത കൂട്ടുമത്രേ . പല അമേരിയ്ക്കന്‍ സ്റ്റേറ്റുകളിലും ഔഷധ സസ്യമായി കഞ്ചാവ് ഉപയോഗിയ്ക്കാന്‍ അനുമതിയുണ്ട് .