scorecardresearch

റോഡുകൾ മുതൽ ചരിത്രനിർമ്മിതികൾ വരെ; മോദി സർക്കാരിന്റെ മാറ്റം ‘പേരിൽ’ മാത്രം

ബിജെപി അ​ധി​കാ​ര​ത്തി​ലെത്തിയശേ​ഷം ഡ​ൽ​ഹി​യി​ലെ മു​ഗ​ൾ-​ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​കാ​ലഘട്ടം ഓ​ർ​മി​പ്പി​ക്കു​ന്ന പ​ല റോ​ഡു​ക​ളു​ടെ​യും പേ​ര്​ മാ​റ്റി​യി​രു​ന്നു

central government, name change, mugal garden, amrut udyan,roads name, bjp

“നീ പൊന്നപ്പനല്ലെടാ… തങ്കപ്പൻ… തങ്കപ്പൻ…” മാന്നാർ മത്തായി സ്പീക്കിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഈ ഡയലോഗ് ഒരിക്കലെങ്കിലും ആരോടെങ്കിലും പറയാത്ത ആളുകളുണ്ടാവില്ല. ഗർവാസീസ് ആശാൻ എന്ന ജനാർദനന്റെ കഥാപാത്രം പൊന്നപ്പൻ എന്ന ഇന്ദ്രൻസിന്റെ കഥാപാത്രത്തോട് പറയുന്നതാണിത്. സിനിമ ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇതിലെ ഡയലോഗുകൾക്ക് ആരാധകരെറെയാണ്.

അതിൽ ഇന്ദ്രൻസിന്റെ പേര് മാറുന്നതിലും വേഗത്തിലാണ് കേന്ദ്രസർക്കാർ രാജ്യത്തെ റോഡുകളുടെയും സ്റ്റേഡിയത്തിന്റെയും സ്ഥലങ്ങളുടെയുമെല്ലാം പേര് മാറ്റി പുതിയവ ഇടുന്നത്. ഓരോ പ്രദേശത്തിനും പേരുകൾ വരുന്നതിന് ആ പേരുമായി ബന്ധപ്പെട്ട ചരിത്രമുണ്ടാകും. ചരിത്രത്തിലെ ആ ഘട്ടത്തെ  മായ്ച്ചുകളയാൻ പേര് മാറ്റം കൊണ്ട് മാത്രം സാധ്യമാകുമോയെന്ന്  ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, അതിനായി പേര് മാറ്റുകയെന്നത് പലയിടത്തെയും ഭരണാധികാരികളുടെ രീതിയായിരുന്നു.

ചരിത്രത്തെ തിരുത്താനുള്ള ആ രീതികൾക്ക് കാലം കൂട്ടുനിന്ന ചരിത്രമില്ല. രാജഭരണകാലത്ത് ഏകാധിപതികളുടെ ഇച്ഛയ്ക്കനുസരിച്ച് പേരുകൾ മാറ്റിയിരുന്നു. എന്നാൽ, ജനാധിപത്യത്തിൽ പേരുകൾ പൊതുവിൽ മുൻകാലങ്ങളിലെ ഓർമ്മകളെ മായ്ച്ചുകളയാൻ മിനക്കെടാതെ അതുപോലെ തുടരുകയാണ് ചെയ്തത്. എന്നാൽ, അതിനൊരപവാദമാണ് നരേന്ദ്രമോദി സർക്കാരിന്റെ പേര് മാറ്റൽ നടപടികൾ. സ്ഥലം, അവാർഡ്, സ്റ്റേഡിയം ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റുകയെന്നത്  ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും പ്രധാന പരിപാടികളിലൊന്നാണ്.

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് തന്നെ ബോംബെ മുംബൈ ആയി. പിന്നാലെ ബാംഗ്ലൂർ, ബെംഗളുരുവായി, മാംഗ്ലൂർ, മംഗളുരുവായി. അങ്ങനെ പല മാറ്റങ്ങളും തുടർച്ചയായി വന്നു. അവസാനം എത്തിനിൽക്കുന്നത് രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിലെ പേര് മാറ്റത്തിലാണ്.

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് അമൃത് ഉദ്യാൻ ആക്കിയതാണ് ഏറ്റവും അവസാനം നടന്ന പേര് മാറ്റം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ  ഭാഗമായാണ് തീരുമാനമെടുത്തത്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാൻ’ എന്ന പേര് നൽകിയത്.

രാഷ്ട്രപതി ഭവനു മുന്നിൽ തുടങ്ങി ഇന്ത്യ ഗേറ്റ് വരെ നീളുന്ന രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കിമാറ്റിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമായ സംഭവങ്ങൾക്ക് സാക്ഷിയായ പാതയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കിങ്സ് വേ എന്ന പേരിലാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്പഥ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എല്ലാ വർഷവും റിപ്പബ്ലിക്ക്ദിന പരേഡ് ഇതുവഴിയാണ് കടന്നുപോകാറുള്ളത്. അതിനുപിന്നാലെയാണ് മുഗൾ ഗാർഡന്റെ പേര് മാറ്റം.

ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ, പാർലമെന്റ് എന്നിവ ഉൾപ്പെടുന്ന ന്യൂഡൽഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിർമാണവേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ഷാജഹാൻ ചക്രവർത്തി നിർമിച്ച കശ്മീർ ഉദ്യാനത്തിനു സമാനമായ രീതിയിൽ നിർമിച്ചതിനാലാണു മുഗൾ ഗാർഡൻ എന്ന പേരുനൽകിയത്. ജനുവരി 31 മുതൽ മാർച്ച് 26 വരെ സാധാരണക്കാർക്കായി അമൃത് ഉദ്യാൻ തുറന്നുകൊടുക്കാനിരിക്കെയാണു പേര് മാറ്റം.

ബിജെപി അധികാരത്തിലെത്തിയശേഷം ഡൽഹിയിലെ മുഗൾ-ബ്രിട്ടീഷ് ഭരണകാലഘട്ടം ഓർമിപ്പിക്കുന്ന പല റോഡുകളുടെയും പേര് മാറ്റിയിരുന്നു. ഔറംഗസേബ് റോഡ്, റേസ് കോഴ്സ് റോഡ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുശേഷം ഉത്തർപ്രദേശിൽ ഫൈസാബാദ്, അലഹബാദ് തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയിരുന്നു.

രാജ്യത്തെ ചില പേര് മാറ്റങ്ങൾ

2015-ൽ ഔറംഗസേബ് റോഡ് എ പി ജെ അബ്ദുൽകലാം റോഡ് ആയി പേര് മാറ്റിയിരുന്നു.  മുഗൾ ചക്രവർത്തിയായ ഔറംഗ്സേബിന്റെ പേരാണ് റോഡിന് നൽകിയിരുന്നത്.

2017-ൽ, അതുവരെ ഡൽഹൗസി റോഡ് എന്നറിയപ്പെട്ട വീഥിക്ക് ദാരാ ഷിക്കോ റോഡ് എന്ന് പേരിട്ടു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ മൂത്ത സഹോദരനായിരുന്നു ദാരാ ഷിക്കോ. 1848-56 കാലഘട്ടത്തിൽ ഇന്ത്യയുടെ ഗവർണർ ജനറലായി സേവനമനുഷ്ഠിച്ച ഡൽഹൗസി പ്രഭുവിന്റെ പേരിലുണ്ടായിരുന്ന റോഡ് രാഷ്ട്രപതി ഭവനിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ്.

2021ൽ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ മുന്നിലൂടെയുള്ള റോഡിന്റെ പേര് മാറ്റിയിരുന്നു. റേസ് കോഴ്സ് റോഡ് എന്നായിരുന്നു ആദ്യമിട്ടിരുന്ന പേര്. ലോക് കല്യാൺ മാർഗ് എന്നാണ് ഈ റോഡിന്റെ പുതിയ നാമം. ഡൽഹി റേസ് ക്ലബ്ബിന്റെ ഭാഗമായതിനാലാണ് 1940ൽ റോഡിന് റേസ് കോഴ്സ് റോഡ് എന്ന് പേരു വന്നത്.

തീൻമൂർത്തി ചൗക്ക് തീൻമൂർത്തി ഹൈഫെ ചൗക്ക് എന്നും പേര് മാറ്റം നടന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വസതിയായ തീൻമൂർത്തി ഭവൻ ഇപ്പോൾ മ്യൂസിയമാണ്. മൂന്ന് കുതിരപ്പട റെജിമെന്റുകളുടെ പങ്ക് അടയാളപ്പെടുത്തുന്നതിനാണ് തീൻമൂർത്തി ചൗക്ക് എന്ന് നാമകരണം ചെയ്തത്.

2021ൽ, സിക്കിമിലെ സോംഗോ തടാകത്തെയും ഗാങ്ടോക്കിലെ നാഥുല ചുരത്തിനെയും ബന്ധിപ്പിക്കുന്ന 19.51 കിലോമീറ്റർ ദൂരമുള്ള റോഡിന്റെയും പേര് മാറ്റം നടന്നു. ജവഹർലാൽ നെഹ്റു റോഡ് എന്നതിൽനിന്നു നരേന്ദ്ര മോദി മാർഗ് എന്നാണ് സിക്കിം സർക്കാർ മാറ്റിയത്.  

പേര് മാറ്റിയ സ്റ്റേഡിയങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം (2021)  എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.  മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോൾ സർദാർ പട്ടേൽ സ്റ്റേഡിയമായി. അതിനുശേഷമാണ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയത്. അഹമ്മദാബാദിലെ മൊട്ടേരയിൽ സ്റ്റേഡിയം പണിതത് 1983ലാണ്.

ഐതിഹാസിക മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇപ്പോൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയമാണ് (2019) . അന്തരിച്ച് മുൻ കേന്ദ്ര മന്ത്രി അരുൺ ജയ്‌റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഫിറോസ് ഷാ കോട്‍ലയുടെ പേര് മാറ്റിയത്. 1883ൽ പണിത ഫിറോസ് ഷാ കോട്‍ല , കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.

പുരസ്കാരം

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേരും മാറ്റി. 2021ലാണ് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം എന്ന പേര് മാറ്റം വന്നത്. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്.

പേര് മാറ്റിയ സ്ഥലങ്ങൾ

ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുഡ്ഗാവ് . 2016ൽ ഹരിയാന സർക്കാർ ഗുർഗോണിന്റെ ഗുഡ്ഗാവ് എന്ന പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു.

ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമായ അലഹബാദിനെ ‘പ്രയാഗ്‍രാജ്’ ആക്കി മാറ്റിയത് യോഗി സർക്കാരാണ്. തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‍റുവിന്റെ ജന്മസ്ഥലം കൂടിയായ അലഹബാദ് സ്വാതന്ത്ര്യസമരത്തിൽ നിർണായകമായ ചരിത്രയോഗങ്ങൾക്ക് സാക്ഷിയായ നഗരം കൂടിയാണ്. 2018ൽ യുപിയിലെ തന്നെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു. മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് ജങ്ഷൻ എന്നും മാറ്റിയിരുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പി

രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതികൾ തന്നെ പേര് മാറ്റിയതാണ് മോദി സർക്കാരിന്റെ പല പദ്ധതികളുമെന്ന ആരോപണം ആദ്യം മുതൽ തന്നെയുണ്ട്. രാജ്യത്തിന്റെ ഏറ്റവും അഭിമാന പദ്ധതിയായി 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാൻ. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ, രാജ്യവ്യപകമായി മാലിന്യ മുക്തമാക്കുക, തുറസ്സായ പ്രദേശങ്ങളെ മലമൂത്രവിസർജ്ജന വിമുക്തമാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. എന്നാൽ നിർമൽ ഭാരത് അഭിയാൻ എന്ന കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാർ പ്രഖ്യാപിച്ച പദ്ധതി പുനർനാമകരണം ചെയ്തതാണ് സ്വച്ഛ് ഭാരത് അഭിയാൻ എന്നാണ് കോൺഗ്രസിന്റെ ആരോപണം.

കോൺഗ്രസിന്റെ വെബ്സൈറ്റിൽ ഇത്തരത്തിൽ എൻഡിഎ സർക്കാർ പുനർനാമകരണം ചെയ്തതോ പദ്ധതി പുതിയ രീതിയിൽ അവതരിപ്പിച്ചതോ എന്ന പേരിൽ അവകാശപ്പെട്ടിരിക്കുന്ന ചില പദ്ധതികൾ. മൊത്തം 32 പദ്ധതികളാണ് കോൺഗ്രസ് തന്റേതെന്ന് അവകാശപ്പെടുന്നത്.

വർഷം യഥാർഥ പേര്                                                 പുതിയ പേര്

2013 നിർമൽ ഭാരത് അഭിയാൻ                                   സ്വച്ഛ് ഭാരത് അഭിയാൻ

2011 നാഷനൽ മാനുഫാക്ച്ചറിങ്ങ് പോളിസി             മേക്ക് ഇൻ ഇന്ത്യ

2010 ഫ്രീ എൽപിജി കണക്ഷൻ                                   പ്രധാനമന്ത്രി ഉജ്ജ്വല യോജന

2008 നാഷനൽ ഗേൾ ചൈൽഡ് ഡേ പ്രോഗ്രാം           ബേട്ടി ബച്ചാവോ ബേട്ടി പഠാവോ യോജന            

2006 നാഷനൽ ഇ-ഗവേണൻസ് പ്ലാൻ                           ഡിജിറ്റൽ ഇന്ത്യ    

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: From mugal gardens to khel ratna awards modi govt changed their names