ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം ലഭിക്കും. അടുത്ത അദ്ധ്യായന വർഷംമുതൽ എസ്‍സി, എസ്‍ടി, ഒബിസി സംവരണത്തിന് പുറമെ സാമ്പത്തിക പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും സ്വാകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പടെ സംവരണ ആനുകൂല്യം ലഭിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത ബജറ്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം, നിയമസഭകളുടെ അംഗീകാരം കൂടാതെ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പത്ത് ശതമാനം സംവരണ ഉറപ്പുവരുത്തുന്ന ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം. എക്സിക്യൂട്ടീവ് ഓർഡറിലൂടെയാകും ബിൽ നിലവിൽ വരുക.

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ സംവരണം നടപ്പാക്കണമെങ്കിൽ സീറ്റുകളിൽ 25 ശതമാനം വർദ്ധനവുണ്ടാകണമെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള എസ്‍സി, എസ്‍ടി, ഒബിസി, ജനറൽ സീറ്റുകൾ നിലനിർത്തിക്കൊണ്ട് സംവരണം നടപ്പാക്കണമെങ്കിൽ 25 ശതമാനം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം.

അതേസമയം, പാർലമെന്റിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ബിൽ വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2006 ൽ ഒന്നാം യുപിഎ സർക്കാരിന്റെ ഭരണകാലത്താണ് അവസാനമായി സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതി ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook