ഒരു വർഷം അവസാനിക്കുമ്പോൾ നിങ്ങൾ അവയെ ഓർത്തെടുക്കുന്നത് എങ്ങിനെയൊക്കെയാണ്? നല്ലതും ചീത്തയുമായ ഒട്ടേറെ സന്ദർഭങ്ങൾ ഓരോ പേർക്കും പറയാൻ കാണും. ആ സന്ദർഭങ്ങളെ അടയാളപ്പെടുത്തിയ, ഇന്ത്യൻ എക്സ്പ്രസിന്റെ ഏറെ ശ്രദ്ധേയമായ പത്ത് ചിത്രങ്ങളാണ് ഫോട്ടോ എഡിറ്റർ നീരജ് പ്രിയദർശി തിരഞ്ഞെടുത്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ അലിഗഞ്ചിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ചിത്രമാണിത്. അഞ്ചിനും 15 നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും ബസ് ഡ്രൈവറും ഈ വർഷം ജനുവരി 19 ന് നടന്ന അപകടത്തിൽ കൊല്ലപ്പെട്ടു. കനത്ത ശൈത്യം മൂലം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടും ഈ സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചതായി പിന്നീട് പുറത്തുവന്നു. ഗജേന്ദ്ര യാദവ് പകർത്തിയ ചിത്രം.
2014 ന് ശേഷം രാജ്യത്ത് ഒന്നിന് പിറകേ ഒന്നായി എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി വിജയം കൊയ്തു. ഇതിൽ ഏറ്റവും പ്രധാനം ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. 14 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരികെയെത്തിയ ബിജെപി 324 സീറ്റുകളാണ് നേടിയത്. മോദി മുന്നിൽ നിന്ന് നയിച്ച തിരഞ്ഞെടുപ്പിലെ ദൃശ്യം പകർത്തിയത് നീരജ് പ്രിയദർശി.
ഡാർജിലിങ്ങിൽ പൊട്ടിപ്പുറപ്പെട്ട സ്വതന്ത്ര സംസ്ഥാന പ്രക്ഷോഭമാണ് പശ്ചിമബംഗാളിനെ പിടിച്ചുകുലുക്കിയത്. ഗോർഖാലാൻഡിനായി ഗോർഖ ജനമുക്തി മോർച്ച നടത്തിയ പ്രക്ഷോഭത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ബംഗാളി ഭാഷ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നിർബന്ധ പാഠ്യവിഷയമാക്കിയതാണ് നേപ്പാളി ഭാഷ സംസാരിക്കുന്ന ഡാർജിലിങ്ങിൽ പ്രക്ഷോഭത്തിന് കാരണമായത്. കലാപഭൂമിയിൽ നിന്ന് പാർത്ഥ പോൾ പകർത്തിയത്.
രാജ്യം ഒന്നടങ്കം നികുതി പരിഷ്കാരത്തിന് സാക്ഷ്യം വഹിച്ചത് ജൂലൈ ഒന്നിനാണ്. നീണ്ട കാലത്തെ ചർച്ചകൾക്ക് ശേഷമാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയത്. ഈ പ്രഖ്യാപനത്തിന് തൊട്ട് തലേന്നാൾ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓഫീസിൽ നിന്ന് രേണുക പുരി പകർത്തിയ ചിത്രം.
ഓക്സിജൻ ലഭിക്കാതെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചത് വാർത്തകളിൽ നിറഞ്ഞത് ഈ വർഷമാണ്. 70 ലേറെ കുട്ടികൾക്ക് ഒരാഴ്ചക്കിടെ മരിച്ചത് ആശുപത്രിയെ ദേശീയ ശ്രദ്ധയിൽ നിർത്തി. എൻസെഫെലൈറ്റിസ് രോഗബാധിതരായ കുട്ടികൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്നും പിന്നീടുള്ള അന്വേഷണങ്ങളിൽ വ്യക്തമായി. രണ്ട് ദിവസത്തിനിടെ 30ലേറെ കുട്ടികൾ മരിച്ച വാർത്ത പരന്ന ഉടൻ ആശുപത്രിയിലെത്തിയ ഇന്ത്യൻ എക്സ്പ്രസ് വാർത്ത സംഘത്തിലെ വിശാൽ ശ്രീവാസ്തവ പകർത്തിയ കരളലിയിപ്പിക്കുന്ന കാഴ്ചകളിലൊന്ന്.
മഴ അതിശക്തമായി പെയ്യുമെന്ന് കാലാവസ്ഥ നിരക്ഷണ കേന്ദ്രം ദിവസങ്ങൾക്ക് മുൻപേ അറിയിച്ചിട്ടും മുംബൈയിൽ സർക്കാർ നിഷ്ക്രിയമായതോടെ ഓഗസ്റ്റ് 29 ന് നഗരം നിശ്ചലമായി. 100 എംഎം മഴയാണ് ഒറ്റദിവസം ഇവിടെ പെയ്തത്. പ്രദീപ് ദാസിന്റെ ചിത്രം.
ലോകകപ്പ് നഷ്ടമായെങ്കിലും ഇന്ത്യൻ പെൺകരുത്ത് അടയാളപ്പെടുത്തിയാണ് ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മടങ്ങിയത്. ഇതിൽ തന്നെ സെമിഫൈനലിൽ ഹർമൻപ്രീത് കൗർ ഓസീസിനെതിരെ നേടിയ 171 റൺസും ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ അർധ സെഞ്ചുറിയും ക്രിക്കറ്റ് ആരാധകർക്ക് എന്നും ആവേശം നൽകുന്നതായി. അർജുന അവാർഡ് ദാന ചടങ്ങിനായി ഒരുങ്ങുന്ന ഹർമൻപ്രീത് കൗറിനെ സാരിയുടുപ്പിക്കുന്ന ബാസ്കറ്റ് ബോൾ താരം പ്രശാന്തി സിങ്ങിന്റെ അമ്മ. ചിത്രം പകർത്തിയത് രേണുക പുരി.
പ്രതിരോധ മന്ത്രിയായുള്ള നിർമ്മല സീതാരാമന്റെ ചുവടുമാറ്റം രാജ്യത്തെ ഞെട്ടിച്ച രാഷ്ട്രീയ തീരുമാനമായിരുന്നു. സെപ്റ്റംബർ മൂന്നിന് നടന്ന മന്ത്രിസഭ പുനഃസംഘടനയോടെ നിർമല സീതാരാമൻ, പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ സ്ത്രീയായി. ന്യൂഡൽഹിയിൽ ഇന്ത്യൻ എയർഫോഴ്സ് കമാൻഡർമാരുമായി നിർമല സീതാരാമൻ നടത്തിയ കൂടിക്കാഴ്ച. ചിത്രം തശി തോബ്ഗ്യാൽ.
ദീപാവലിക്ക് ഒരു ദിവസം മുൻപ് സരയു നദിയുടെ തീരത്ത് ഉത്തർർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ദീപോത്സവത്തിലെ കാഴ്ചയാണിത്. രാമനും സീതയുമായി വേഷമിട്ട നടീനടന്മാർ ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോൾ ജയ് ശ്രീറാം വിളികളോടെയാണ് കാണികൾ ഇതിനെ എതിരേറ്റത്. ഉത്തർപ്രദേശിൽ നിന്ന് വിശാൽ ശ്രീവാസ്തവ പകർത്തിയത്.
രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി താരങ്ങൾ മുഖംമൂടി അണിഞ്ഞ് കളിച്ചത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ഫിറോസ് ഷാ കോട്ല ടെസ്റ്റിലാണ്. രാജ്യാന്തര വേദിയിൽ ന്യൂഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും മോശം കാഴ്ചയായി ഇത് മാറി. പ്രവീൺ ഖന്നയുടെ ചിത്രം.