/indian-express-malayalam/media/media_files/uploads/2017/02/palaniswamypalanisamy.jpg)
പളനിസ്വാമി ജയലളിതയ്ക്കൊപ്പം- ഫയല്‍ഫോട്ട്
ചെന്നൈ: ശശികലയും പനീർസെൽവവും തമ്മിൽ മുഖ്യമന്ത്രി കസേരയ്‌ക്കായി യുദ്ധം മുറുകിയപ്പോഴെല്ലാം മന്ത്രിസഭയിൽ മൂന്നാമനായ പളനിസാമി ചിത്രത്തിലുണ്ടായിരുന്നില്ല. ശശികല പക്ഷത്തിന്റെ മുൻനിരക്കാരനായി കൂവത്തൂരിലെ റിസോർട്ടിനകത്ത് ചരടു വലികൾ നടക്കുന്പോൾ അതിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു പളനിസാമി. കർഷകനിൽ നിന്ന് എംഎൽഎ ആയും മന്ത്രിയുമായും ഉയർന്ന് പിന്നീട് അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തുന്ന പളനിസാമി തമിഴ് രാഷ്ട്രീയത്തിലെ അടുത്ത കേന്ദ്രബിന്ദുവായി മാറുകയാണ്.
1980 ൽ തുടങ്ങിയ അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിനൊപ്പം നിലനിന്നയാളാണ് പളനിസാമി. അന്നയാൾ എടപ്പാടി താലൂക്കിലെ നെടുങ്കുളം വില്ലേജിലെ ഒരു കർഷകൻ മാത്രം. എംജിആറിന്റെ മരണത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞപ്പോൾ ജയലളിതയ്‌ക്കൊപ്പം ഉറച്ചുനിന്നു. 1989 ൽ നടന്ന തിരഞ്ഞെടുപ്പിൽ എടപ്പാടി നിയോജകമണ്ഡലത്തിൽ അണ്ണാ ഡിഎംകെ സഥാനാർത്ഥിയായി നറുക്ക് വീണു. ജനങ്ങൾ കൂടെ നിന്നപ്പോൾ നിയമസഭയിൽ സാന്നിദ്ധ്യമായി.
1991 ൽ നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം എടപ്പാടിയിൽ നിന്ന് ജയിച്ചുകയറി. 1996 ന് ശേഷം ഒരു പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന പളനിസാമി 2006 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റുപോയി. പാട്ടാളി മക്കൾ കക്ഷിയുടെ വി.കാവേരിയാണ് ഇവിടെ നിന്ന് 2006 ൽ നിയമസഭയിലെത്തിയത്.
2011 ൽ പാട്ടാളി മക്കൾ കക്ഷിയുടെ സ്ഥാനാർത്ഥി എം.കർത്തെയെ തോൽപ്പിച്ച് തിരികെ വന്ന പളനിസാമിക്ക് മന്ത്രിസഭയിൽ സംസ്ഥാന പാതയുടെയും ചെറുകിട തുറമുഖങ്ങളുടെയും ചുമതല നൽകി ജയലളിത. മന്ത്രിസഭയിൽ ജയലളിതയ്ക്ക് കീഴിൽ നാലാമതായിരുന്നു അദ്ദേഹം. പനീർശെൽവം, നാഥം ആർ.വിശ്വനാഥൻ, ആർ.വൈതിലങ്കം എന്നിവരായിരുന്നു പളനിസാമിയേക്കാൾ മന്ത്രിസഭയിലും പാർട്ടിയിലും സ്വാധീനം ഉണ്ടായിരുന്നത്.
ഇതേ കാലയളവിൽ പ്രമുഖരായ മന്ത്രിമാരെ നീക്കി ജയലളിത മന്ത്രിസഭ പുന:സംഘടിപ്പിച്ചെങ്കിലും പളനിസാമിയുടെ കസേരയ്‌ക്ക് ഇളക്കം തട്ടിയില്ല. പാട്ടാളി മക്കൾ കക്ഷി സ്ഥാനാർത്ഥി അണ്ണാദുരൈയെ തോൽപ്പിച്ച് 2016 ൽ വീണ്ടും നിയമസഭയിലെത്തിയപ്പോൾ പളനിസാമി മന്ത്രിസഭയിലെ മൂന്നാമനായി മാറി. ജയലളിതയും പനീർസെൽവവും മാത്രമായിരുന്നു പളനിസാമിക്ക് മുൻപിൽ.
സേലം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലും അണ്ണാ ഡിഎംകെ നേടിയ കനത്ത വിജയം ജയലളിതയും പളനിസാമിയുമായുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടി. അതോടെ ദേശീയപാതകളുടെയും തുറമുഖങ്ങളുടെയും ചുമതലയുള്ള മന്ത്രിയായി അദ്ദേഹം മാറി. അപ്രതീക്ഷിതമായി ശശികലയും പനീർസെൽവവും തമ്മിലെ വൈര്യം പളനിസാമിയുടെ വളർച്ചയ്‌ക്കാണ് കാരണമായത്. ശശികലയുടെ ശപഥം എങ്ങിനെയാകും പളനിസാമി ഏറ്റെടുക്കുന്നതെന്നതാവും തമിഴ്നാട് ഇനി കാണാനിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us