മലയാളിക്ക് അസമുമായി ഒരു നൂറ്റാണ്ടോളം നീണ്ട കുടിയേറ്റ ബന്ധമുണ്ട്. ഒരു കാലത്ത് മലയാളി തൊഴിൽ തേടിയാണ് അസമിലേക്ക് വണ്ടി കയറിതെങ്കിൽ, ഇന്ന് അവിടെ നിന്നും തൊഴിലാളികൾ കേരളത്തിലേക്ക് വണ്ടി കയറുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ മലയാളി തൊഴിൽ തേടി അസമിൽ പോയ ചരിത്രം, സാമ്പത്തിക ശാസ്ത്രത്തിൽ മാത്രമല്ല, മലയാള സാഹിത്യത്തിലും സിനിമയിലും വരെ ഇടം നേടിയതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ അസമിൽ നിന്നും തൊഴിൽ തേടി കേരളത്തിലേക്ക് ആളുകൾ എത്താൻ തുടങ്ങി. അതുപോലെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വർഷങ്ങൾ മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഇഷ്ടഭക്ഷണമായ മോമോസ് മലയാളിയുടെ ഇഷ്ട വിഭവമായി മാറി. ഇപ്പോൾ കാലം പഴയതുപോലെ തിരികെ ഒഴുകി മലയാളിയുടെ സ്വന്തം മലബാർ പൊറോട്ട അസമിലെ തീൻമേശയിലെ താരമാണ്, മാത്രമല്ല, നല്ലൊരു ബിസിനനസും.
മലബാർ പൊറോട്ട അസമിലേക്ക് വിജയകരമായി കുടിയേറിയതിന് പിന്നിൽ തൊഴിൽ തേടി നാടുവിട്ട അസംകാരനായ പതിനെട്ടുകാരന്റെ വിയർപ്പിന്റെയും വേദനയുടെയും കഥയുണ്ട്. ലോകത്തെ തകിടം മറിച്ച മഹാമാരിയുടെ നീറുന്ന ഓർമ്മകളുമുണ്ട്. ഇങ്ങനെ വേദനയും നീറ്റലും വേർപാടും പ്രവാസവും അതിജീവനവും ഒക്കെ ചേരുവകളായതാണ് മലബാർ പൊറോട്ടയുടെ അസം ഗാഥ.
കോവിഡ് ലോക്ക് ഡൗൺ കഴിഞ്ഞയുടനെ പോക്കറ്റിലാകെ പത്തുരൂപയുമായി ഒരുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെക്കാണാൻ വിജയവാഡയിൽ നിന്നും അസമിലെത്തിയ യുവാവിന്റെ മനക്കരുത്തിന്റെയും മലബാർ പൊറോട്ടയുടെയും വിജയകഥ കൂടെയാണിത്.
അസമിലെ പല യുവാക്കളെയും പോലെ,18 വയസ്സുള്ളപ്പോൾ, ദിഗന്ത ദാസ് എന്ന കൗമാരക്കാരനും ജോലി തേടി നാടുവിട്ടു. തൊഴിൽ തേടിയെത്തിയത് ബെംഗളുരൂവിലായിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലെ അവിടെ ജോലി ചെയ്തിട്ടും, കോവിഡ് മഹാമാരി കാലം അവനെ കാലികീശയുമായാണ് നാട്ടിലേക്ക് മടക്കിയത്. തൊഴിൽ നഷ്ടം, സാമ്പത്തിക പരാധീനതകൾ ഒക്കെയാണ് അസമിലേക്ക് മടങ്ങുമ്പോൾ ദിഗന്ത ദാസ് എന്ന മുപ്പതുകാരന്റെ ഒഴിഞ്ഞ കീശയിലുണ്ടായിരുന്നത്. പക്ഷേ, അവനൊപ്പം മറ്റൊന്ന് കൂടെ ഉണ്ടായിരുന്നു. നാവിൽ രുചിയൂറുന്ന മലബാർ പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന അറിവ്.

ആറ് മാസം മുമ്പ് ദിഗന്ത ദാസ് ജീവിതത്തിൽ ഒരു സാഹസം കൂടി കാണിച്ചു. 14 വർഷം മുമ്പ് 18 വയസിൽ നാടു വിട്ടതുപോലെ… ബെംഗളൂരിവിൽ നിന്നും പഠിച്ചെടുത്ത വിദ്യ പ്രയോഗിക്കാനുള്ള ധൈര്യം. ആറ് മാസം മുമ്പ് അസമിൽ ഈ വിദ്യ പ്രയോഗിക്കാൻ ഒരു പൊറോട്ട നിർമ്മാണ യൂണിറ്റ് തുടങ്ങി. അപ്പർ അസമുകാർക്ക് ഇപ്പോൾ പൊറോട്ട അവരുടെ നിത്യഭക്ഷണ ശീലമായി മാറി. അടുത്ത കാലം വരെ അവർ കണ്ടിട്ടോ കേട്ടിട്ടോ രുചിച്ചിട്ടോ ഇല്ലാത്ത ഭക്ഷണം അവരുടെ ഊണ് മേശയിൽ ഇരുപ്പുറപ്പിച്ചു.
മൈദയിൽ കൈമെയ് മറന്ന് നിർമ്മിക്കുന്ന പൊറോട്ടയുടെ രുചി ഇന്ന് അസമിലെ ഇഷ്ടരുചിയാണ്. മോമോസിനെ മലയാളി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച പോലെ ഇന്ന് അസമിലെ ഭക്ഷണത്തിൽ മലബാർ പൊറോട്ടയ്ക്കും ഒരുസ്ഥാനമുണ്ടായി. മലബാർ പൊറോട്ട വഴി ദിഗന്ത ദാസ് അദ്ദേഹത്തിലെ കുടുംബത്തിലെ ആദ്യത്തെ ബിസിനസുകാരനുമായി.
“എന്റെ കുടുംബത്തിലെ ആദ്യത്തെ ബിസിനസുകാരനാണ് ഞാൻ,” ബിശ്വനാഥ് ചാരിയാലിയിലെ താമസക്കാരനായ ദാസ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പിതാവ് ഒരു കർഷകനായിരുന്നു, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തൊഴിൽ തേടി 2009-ലാണ് ദിഗന്ത ദാസ് ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്. ഈ വർഷങ്ങളിൽ , പല നഗരങ്ങളിലും നിരവധി ജോലികൾ ചെയ്തു: ഹോട്ടലുകളിൽ റൂം സർവീസ്, മുംബൈയിൽ സെക്യൂരിറ്റി, കൺസ്ട്രക്ഷൻ കമ്പനിയിൽ, തെങ്ങ് കയറ്റം എന്നിവയൊക്കെ ചെയ്തു. ഇതിനിടയിലാണ് അവിചാരിതമായി ജീവിതം തന്നെ മാറ്റി മറിച്ച ‘പൊറോട്ട അടി’ ദിഗന്ത ദാസിന്റെ ജീവിതത്തിൽ കൈയിലേക്ക് കയറിപ്പറ്റിയത്. പൊറോട്ട മാവ് കുഴക്കുക, പൊറോട്ട അടിക്കുക. പൊറോട്ട ചുടുക എന്നിങ്ങനെ പൊറോട്ടയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അദ്ദേഹം ചെയ്തു.
പൊറോട്ട ഉണ്ടാക്കുന്ന ജോലി ചെയ്യുന്ന കാലത്ത് 2020 ന്റെ തുടക്കത്തിൽ, ബെഗളുരുവിൽ വച്ച് കണ്ട് മുട്ടിയെ അസമിലെ ടിൻസുകിയയിൽ നിന്നുള്ള സുഹൃത്ത് സൂര്യ ഥാപ്പ സ്വന്തമായി അത്തരമൊരു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചു. അതിനൊപ്പം ചേരാനും അതിൽ തനിക്കുള്ള കഴിവുകൾ വിനിയോഗിക്കാനും ദിഗന്ത ദാസും തീരുമാനിച്ചു. ഥാപ്പയ്‌ക്കൊപ്പം ദാസ് മാർക്കറ്റിങ് വിഭാഗത്തിൽ ചേർന്നു.
ആന്ധ്രപ്രദേശിലെ വിജയവാഡ മത്സരം കുറവുള്ള മാർക്കറ്റാണ് എന്ന് മനസ്സിലാക്കി അവർ അവിടെ യൂണിറ്റ് ആരംഭിച്ചു. ഥാപ്പ ഷോപ്പ് ആരംഭിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ അശനിപാതം പോലെ കോവിഡ് മഹാമാരി വ്യാപനം വന്നു. അതിന് തൊട്ടുപിന്നാലെ പൊടുന്നനേ ദേശീയ ലോക്ക്ഡൗണും വന്നു. ഇതോടെ സ്ഥിതിഗതികൾ ആകെ തകിടം മറിഞ്ഞു.
കോവിഡും ലോക്ക് ഡൗണും ഥാപ്പയുടെ പൊറോട്ട ബിസിനസിന് തകർത്തു. ഇതിനൊപ്പം ദാസിന് മറ്റൊരു ആശങ്കയും ഉടലെടുത്തു: വീട്ടിലേക്ക് മടങ്ങി പോയ ഭാര്യയുടെ പ്രസവം അടുത്തിരിക്കുകയായിരുന്നു അപ്പോൾ. ദിഗന്ത ദാസ് ആന്ധ്രാപ്രദേശിലായിരുന്നപ്പോഴാണ് കുഞ്ഞ് ജനിച്ചത്.
“ലോക്ക്ഡൗൺ പിൻവലിച്ച ദിവസം ഞാൻ വീട്ടിലേക്ക് ഓടി. ഞാൻ എന്റെ കുഞ്ഞിനെ കണ്ടുമുട്ടുമ്പോൾ, അവൾക്ക് ഒരു മാസം പ്രായമായിരുന്നു, എന്റെ പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് വെറും 10 രൂപ മാത്രം. അപ്പോഴാണ് എന്റെ മനസ്സ് ഇവിടെ എന്തെങ്കിലും സംരഭം തുടങ്ങുക എന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.” ദിഗന്ത ദാസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ്, അസമിലെ ഉദൽഗുരിയിലെ വീട്ടിൽ പൊറോട്ട നിർമ്മാണ യൂണിറ്റ് സ്ഥാപിച്ച ഫൈസുൽ ഹോക്കിനെ കണ്ടു, ഫൈസിലന്റെ ഉൽപ്പന്നം ദിഗന്ത ദാസ് സ്വന്തം നാട്ടിൽ വിൽക്കാൻ തുടങ്ങി. ആറുമാസം മുമ്പാണ് ബിശ്വനാഥ് ചാരിയാലിയിൽ സ്വന്തമായി പൊറോട്ട യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു
വിജയവാഡയിൽ ബിസിനസ്സ് തുടരുന്ന പഴയ സുഹൃത്ത് സൂര്യ ഥാപ്പ സഹായഹസ്തവുമായി എത്തി. “ഞാൻ സൂര്യഥാപ്പയുടെ ബിസിനസിൽ സഹായിച്ചിരുന്നു. ഇത് ഒരു ഔപചാരിക ബിസിനസ്സ് പങ്കാളിത്തമല്ല, ഒരു സുഹൃത്തിനെ സഹായിക്കുന്നതിന് തുല്യമാണ്, ”ദിഗന്ത ദാസ് പറഞ്ഞു.
“ഞാൻ ആദ്യമായി ഈ വിപണിയിൽ പ്രവേശിക്കുമ്പോൾ, പൊറോട്ട യഥാർത്ഥത്തിൽ അറിയപ്പെടുന്ന ഒരു ആഹാര സാധനമായിരുന്നില്ല. എന്നാൽ എന്റെ പട്ടണത്തിൽ ചില കടകൾ ഞാനുണ്ടാക്കിയ പൊറോട്ട വാങ്ങുകയും അവർക്ക് അത് ഇഷ്ടപ്പെടുകയും അവരുടെ കടകളിൽ കൊണ്ടുപോയി വിൽക്കാൻ തുടങ്ങുകയും ചെയ്തു, ” അദ്ദേഹം പറഞ്ഞു. ഇപ്പോൾ, ആറ് മാസം പിന്നിടുമ്പോൾ 18 പേർക്ക് പൊറോട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ദിഗന്ത ദാസ് ജോലി നൽകുന്നുണ്ട്. തനിക്ക് ബിസിനസ് നടത്താൻ ആവശ്യമായ വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ട്. അധികം വൈകാതെ യൂണിറ്റ് ലാഭത്തിലാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
(ഇന്ത്യൻ എക്സ്‌പ്രസ്സ് ഗുവഹാത്തി റിപ്പോർട്ടർ സുകൃത ബറുവ തയ്യാറാക്കിയ ലേഖനം)