ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠ് ഭൗമശാസ്ത്രപരമായി ബലക്കുറവുള്ള മണ്ണാണെന്ന് 46 വര്‍ഷം മുന്‍പ് 18 അംഗ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. നിരവധി നിയന്ത്രണങ്ങളും പരിഹാര നടപടികളും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ജോഷിമഠിലുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം അന്വേഷിക്കാൻ അന്നത്തെ കമ്മിഷണർ ഗർവാൾ മണ്ഡൽ മഹേഷ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചിരുന്നു. 1976 മേയ് ഏഴിലാണ് അന്തിമ റിപ്പോര്‍ട്ട് വന്നത്.
റിപ്പോര്‍ട്ടില്‍, വലിയ നിർമ്മാണ പ്രവർത്തനങ്ങൾ, ചരിവുകളിൽ കൃഷി, മരം മുറിക്കൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ നിര്‍ദേശിച്ചിട്ടുണ്ട്. മഴവെള്ളം ഒലിച്ചിറങ്ങുന്നത് തടയാൻ ഡ്രെയിനേജ്, ശരിയായ മലിനജല സംവിധാനം, മണ്ണൊലിപ്പ് തടയാൻ നദീതീരത്ത് ചെയ്യേണ്ട കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കത്തതില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
ജോഷിമഠ് മേഖല ഭൂമിശാസ്ത്രപരമായി ബലക്കുറവുള്ള മണ്ണാണെന്നും പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനം ചെയ്തപ്പോള്‍ വ്യക്തമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജനസംഖ്യയും വര്‍ധിച്ചാല്‍ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്ത് ആവര്‍ത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിലുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചരിവുകളില്‍ കൃഷി ചെയ്യുന്നത്, നദികളുടെ അടിയൊഴുക്ക്, പാറകള്‍ക്ക് സംഭവിക്കുന്ന തെയ്മാനം, മഴയും മഞ്ഞ് വീഴ്ചയും മൂലം കുന്നുകളില്‍ വെള്ളം ഇറങ്ങുന്നത്, വെള്ളത്തിന്റെ സാന്നിധ്യം വര്‍ധിക്കുന്നത് പാറകളുടെ സ്ഥാനമാറ്റത്തിലേക്ക് നയിക്കുന്നു തുടങ്ങിയവയാണ് മണ്ണിടിച്ചിലിന്റെ കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
കൃത്യമായ വ്യവസ്ഥകളില്ലാതെ 1962-ന് ശേഷം പ്രദേശത്ത് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇത് വെള്ളം ഊറി വരുന്നതിലേക്ക് നയിക്കുകയും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു.
“ചരിവിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ചരിവ് ദുര്‍ബലമാകുന്നു. ഉപരിതല ജലം മൃദുവായ മണ്ണിനെ പൂരിതമാക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യും. പാറകള്‍ക്ക് മതിയായ ഉറപ്പില്ലാതെയായിരിക്കും പിന്നീട് മണ്ണില്‍ നിലനില്‍ക്കുക, ഇത് മണ്ണിടിച്ചിലിലേക്ക് നയിക്കുന്നു,” റിപ്പോർട്ട് പറയുന്നു.
മരങ്ങളുടെ അഭാവമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം. മണ്ണില്‍ നിന്ന് വേര്‍പെടുന്ന പാറകളെ തടഞ്ഞു നിര്‍ത്താന്‍ മരങ്ങളും വേരുകളുമില്ല. ഇത് മണ്ണൊലിപ്പിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കുന്നു.
ജോഷിമഠ് മണലും കല്ലും നിറഞ്ഞ സ്ഥലമാണെന്നും ടൗൺഷിപ്പിന് അനുയോജ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവവും പ്രകൃതി ദുരന്തത്തിന് കാരണമാകുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് ഭാരം താങ്ങാനുള്ള ശേഷി മണ്ണിനുണ്ടോയെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. കുന്നിന്‍ ചരിവുകളില്‍ നിന്ന് പാറ പൊട്ടിക്കുകയോ നീക്കം ചെയ്യാനൊ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.