ശ്രീനഗര്‍: 2022 ഡിസംബറില്‍ അവസാനിച്ച മൂന്ന് വര്‍ഷത്തിനിടെ 805 അപേക്ഷകര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നിഷേധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ തീവ്രവാദ ബന്ധം ചൂണ്ടികാണിച്ചായിരുന്നു പൊലീസ് നടപടി. കഴിഞ്ഞ മൂന്ന് വര്‍ഷമായി പൊലീസ് പൂര്‍ത്തിയാക്കാത്ത ആകെ വെരിഫിക്കേഷനുകളുടെ എണ്ണം 5,956 ആണ്, ഇത് ഈ കാലയളവില്‍ ലഭിച്ച മൊത്തം 2,87,715 അഭ്യര്‍ത്ഥനകളുടെ രണ്ട് ശതമാനത്തിലധികം വരും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 2017-18, 2018-19 വര്‍ഷങ്ങളില്‍ പാസ്പോര്‍ട്ട് നല്‍കിയ 54 വ്യക്തികള്‍ പാകിസ്ഥാനിലേക്ക് പോകുകയും പിന്നീട് തീവ്രവാദി ശ്രേണിയില്‍ ചേരുകയും ചെയ്തതിനെ തുടര്‍ന്നാണ് കര്‍ശന പരിശോധന നടത്തിയത്. ഇവരില്‍ 16 പേര്‍ ഇപ്പോഴും പാക്കിസ്ഥാനിലാണ്, 26 പേര്‍ ജമ്മു കശ്മീരിലുടനീളം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, 12 പേര്‍ ജമ്മു കശ്മീര്‍ പോലീസ് പിടികൂടി. ഇപ്പോഴും പാക്കിസ്ഥാനില്‍ കഴിയുന്ന 16 പേരില്‍ ശ്രീനഗറില്‍ നിന്നുള്ള സജാദ് ഗുല്‍ ഉള്‍പ്പെടുന്നു, ഇയാളെ സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിക്കുകയും താഴ്വരയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്നയാളാണ്. പുല്‍വാമയില്‍ നിന്നുള്ള മുബാഷിര്‍ അഹമ്മദ് ദാര്‍, ഇതേ ജില്ലയിലെ ഖര്‍ബത്പോരയില്‍ നിന്നുള്ള അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍, ഖൈമോയില്‍ നിന്നുള്ള അര്‍ബാസ് അഹമ്മദ് മിറും എന്നിവരിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നു.
അവരുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലോ മറ്റ് ചില കേസുകളില്‍ കുടുംബാംഗങ്ങള്‍ തീവ്രവാദിയായിരുന്നതിനാലോ പരിശോധനകള്‍ നിഷേധിക്കപ്പെടുന്നതായി കഴിഞ്ഞ രണ്ട് മാസങ്ങളായി ചില അപേക്ഷകരില്‍ നിന്ന് പരാതികള്‍ ഉണ്ടായിരുന്നു.
മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ 80-കാരിയായ അമ്മ ഗുല്‍ഷന്‍ നസീറിന് പ്രതികൂലമായ പൊലീസ് റിപ്പോര്‍ട്ടിന് ശേഷം പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ടപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പാസ്പോര്‍ട്ട് പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചു. മൂന്ന് വര്‍ഷത്തിനും രണ്ട് ഹര്‍ജികള്‍ക്കും ശേഷം, റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് (ആര്‍പിഒ) കോടതി നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് ലഭിച്ചത്. ശ്രീനഗറിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസാണ് പാസ്പോര്‍ട്ടുകള്‍ നല്‍കാനുള്ള അന്തിമ അധികാരമെങ്കിലും പൊലീസിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ സാധ്യമാകൂ.