ന്യൂഡല്‍ഹി: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ സംഘര്‍ഷാവസ്ഥ. ഒരു കൂട്ടം ആളുകള്‍ ഈസ്റ്റ് ജില്ലയിലെ വീടുകള്‍ക്ക് തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തീപിടിത്തത്തെ തുടര്‍ന്ന് കര്‍ഫ്യുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവു വരുത്തി. നിലവില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയാണ് നിയന്ത്രണങ്ങള്‍. നേരത്തെ വൈകുന്നേരം ആറ് മണി വരെയായിരുന്നു കര്‍ഫ്യു.
പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അഞ്ച് ദിവസം കൂടി നീട്ടി.
സംസ്ഥാനത്തെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്, ഓർഡറില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ന്യൂ ചെക്കൺ ബസാർ പ്രദേശത്ത് മാർക്കറ്റിലെ സ്ഥലത്തെ ചൊല്ലി ബഹളമുണ്ടായത്. സംഘർഷത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആൾക്കൂട്ടം വീടുകൾക്ക് തീയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.