/indian-express-malayalam/media/media_files/uploads/2023/05/Manipur-2.jpg)
എക്സ്പ്രസ് ഫൊട്ടോ
ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മണിപ്പൂരിൽ വീണ്ടും കലാപം. ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. സാധാരണക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട നാൽപതോളം കുകി തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു. അതേസമയം, തീവ്രവാദികൾ കൊല്ലപ്പെട്ടത് എപ്പോഴൊക്കെയാണെന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത നൽകിയില്ല.
ഇന്നലെ രാവിലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഒരു ഗ്രാമത്തിൽ തീവ്രവാദികളുടെ വേടിയേറ്റ് പ്രദേശവാസി കൊല്ലപ്പെട്ടു. കലാപകാരികളുമായുള്ള വെടിവയ്പിൽ കാക്കിങ് ജില്ലയിലെ സുഗ്നുവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെടിവയ്പിൽ നിരവധി പേർക്ക് പരുക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു.
/indian-express-malayalam/media/media_files/uploads/2023/05/Manipur1.jpg)
മേയ് 27, 28 തീയതികളിൽ സെക്‌മായ്, ഫയെങ്, ടോർബംഗ്, യിംഗാങ്‌പോക്‌പി, സെറോ ലംഖായ്, സുഗ്‌നു എന്നിവ അടക്കം നിരവധി പ്രദേശങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് ജില്ലകളിലെ കർഫ്യൂ ഇളവുകൾ അധികൃതർ പിൻവലിച്ചു.
കുകി വിഭാഗത്തിൽനിന്നുള്ള പ്രക്ഷോഭകാരികളെ സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ''സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികളെ കൊല്ലാനുള്ള ഓപ്പറേഷൻ തുടങ്ങിയിട്ടുണ്ട്. തീവ്രവാദികള്‍ എം-16, എ.കെ-47 തോക്കുകള്‍ ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കുനേരെ ആക്രമണം നടത്തുന്നത്. 40 കുകി തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധിപേരെ പിടികൂടിയിട്ടുണ്ട്,'' മുഖ്യമന്ത്രി സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾക്കെതിരെയുള്ള സംസ്ഥാന-കേന്ദ്ര സേനകൾ തമ്മിലുള്ള പോരാട്ടാണിത്. അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇത് സമുദായങ്ങൾ തമ്മിലുള്ള പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു മണിപ്പൂരിലെത്തും. മുഖ്യമന്ത്രി ബിരേന്‍സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.