സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നോവിന്. എണ്‍പത്തി രണ്ടുകാരിയായ അനീ എര്‍നോവിനെ സ്വന്തം ഓര്‍മകളെ അവിശ്വസിക്കുന്ന ഓര്‍മക്കുറിപ്പുകാരി എന്നാണു വിശേഷിക്കപ്പെടുന്നത്.
സ്വീഡനിലെ സ്‌റ്റോക്ക് ഹോമില്‍ സ്വീഡിഷ് അക്കാദമി സ്ഥിരം സെക്രട്ടറി മാറ്റ്‌സ് മാം ആണു വിജയിയെ പ്രഖ്യാപിച്ചത്.
1940 സെപ്റ്റംബര്‍ ഒന്നിനു ഫ്രാന്‍സിലെ യ്‌വിറ്റോയിൽ ജനിച്ച അനീ എര്‍നോ ആത്മകഥാപരമായ നോവലുകള്‍ എഴുതിത്തുടങ്ങിയെങ്കിലും ഫിക്ഷനുകളേക്കാള്‍ ശ്രദ്ധകേന്ദ്രീകരിച്ചത് ഓര്‍മക്കുറിപ്പുകളിലായിരുന്നു.
ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. ഇവയില്‍ മിക്കതും വളരെ ചെറുതും സ്വന്തം ജീവിതത്തിലെ സംഭവങ്ങളും ചുറ്റുമുള്ളവരുടെ ജീവിതവും ആവിഷ്‌കരിക്കുന്നവയാണ്. ലൈംഗിക ബന്ധങ്ങള്‍, ഗര്‍ഭച്ഛിദ്രം, രോഗം, മാതാപിതാക്കളുടെ മരണം എന്നിവയെക്കുറിച്ച് വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ അനീ എര്‍നോ എഴുതി.
അനീ എര്‍നുവിന്റെ കൃതികള്‍ പലപ്പോഴും വിട്ടുവീഴ്ചയില്ലാത്തതും ലളിതമായ ഭാഷയില്‍ എഴുതപ്പെട്ടവയുമാണെന്നു സാഹിത്യത്തിനുള്ള നോബല്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡേഴ്സ് ഓള്‍സണ്‍ പറഞ്ഞു,
സ്വന്തം ശൈലിയെ ‘ഫ്ളാറ്റ് റൈറ്റിങ്’ എന്നാണ് അനീ എര്‍നു വിശേഷിപ്പിക്കുന്നത്. പറയുന്ന സംഭവങ്ങളുടെ വളരെ വസ്തുനിഷ്ഠമായ വീക്ഷണമാണ് എഴുത്തിന്റെ പ്രത്യേകത. ആലങ്കാരികമായ വിവരണമോ അമിത വികാരപ്രകടനങ്ങളോ ആ എഴുത്തില്‍ കാണാന്‍ കഴിയില്ല.
”ഭാവനാത്മകമായ ഓര്‍മകളില്ല, ആക്ഷേപഹാസ്യത്തിന്റെ ജയഘോഷ പ്രകടനങ്ങളുമില്ല. ഈ നിഷ്പക്ഷ രചനാശൈലി എന്നില്‍ സ്വാഭാവികമായി വരുന്നു,”തന്റെ പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് ‘ലാ പ്ലേസ്’ (ഒരു മനുഷ്യന്റെ ഇടം) എന്ന ശ്രദ്ധേയമായ പുസ്തകത്തില്‍ അനീ എര്‍നുഎഴുതി.
2008-ല്‍ പ്രസിദ്ധീകരിച്ച ‘ദി ഇയേഴ്സ്’ (ലെസ് അനീസ്) ആണ് അനി എര്‍നോവിന്റെ ഏറ്റവും നിരൂപക പ്രശംസ നേടിയ പുസ്തകം. തന്നെയും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതല്‍ ഇന്നുവരെയുള്ള വിശാലമായ ഫ്രഞ്ച് സമൂഹത്തെയും വിവരിക്കുന്നതൊണ് ഈ പുസ്തകം. മുമ്പത്തെ പുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായി, ‘ദി ഇയേഴ്സി’ല്‍, മൂന്നാം വ്യക്തിയെന്ന നിലയിലാണ് എർനോ തന്നെക്കുറിച്ച് എഴുതുന്നത്. ‘ഞാന്‍’ എന്നതിനേക്കാള്‍ ‘അവള്‍’ എന്ന് പുസ്തകത്തില്‍ എനോ സ്വയം വിളിക്കുന്നത്. പുസ്തകത്തിന് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചു.
യു കെയില്‍ താമസിക്കുന്ന ടാന്‍സാനിയന്‍ വംശജനായ എഴുത്തുകാരന്‍ അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സൊഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം.
രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കിയ നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുവിട്ടതിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബോയ്ക്ക് തിങ്കളാഴ്ച വൈദ്യശാസ്ത്രത്തില്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് ഈ വർഷത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്.
ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് പ്രവര്‍ത്തനത്തിന്റെ ഭാഗമായ മൂന്നു ശാസ്ത്രജ്ഞര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. അലൈന്‍ അസ്‌പെക്റ്റ്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹരായവര്‍.
രസതന്ത്രത്തിലെ നൊബേലും മൂന്നു ശാസ്ത്രജ്ഞർ പങ്കിടുകയായിരുന്നു. കരോലിന്‍ ആര്‍. ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ. ബാരി ഷാര്‍പ്ലെസ് എന്ന നൊബേല്‍ പങ്കിട്ടത്. ‘തന്മാത്രകളെ ഒന്നിച്ചുനിര്‍ത്തുന്ന’ രീതി വികസിപ്പിച്ചതിനാണ് അംഗീകാരം.
2022 ലെ സമാധാനത്തിനുള്ള നൊബല്‍ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം 10 നും പ്രഖ്യാപിക്കും.