വാഷിങ്ടണ്‍: പ്രഭാത സവാരിക്ക് ഇറങ്ങി അമേരിക്കന്‍ അതിര്‍ത്തി അബദ്ധത്തില്‍ കടന്നുപോയ ഫ്രഞ്ചുകാരിയെ രണ്ടാഴ്‌ച തടവിലാക്കി. കാനഡയിലെ ബീച്ചില്‍ രാവിലെ ഓടാനിറങ്ങിയ 19കാരിയാണ് അശ്രദ്ധ കാരണം അമേരിക്കന്‍ പ്രദേശത്തേക്ക് കടന്നത്. അവിശ്വസനീയമായ സംഭവമാണ് നടന്നതെന്ന് കൗമാരക്കാരിയായ സെഡല്ല റോമന്‍ എഎഫ്പിയോട് പ്രതികരിച്ചു.

മെയ് 21ന് രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയ സെഡല്ല അതിര്‍ത്തിയും മറന്ന് ഓടുകയായിരുന്നു. ഫ്രാന്‍സിലെ ബ്രിയാന്‍ കോണ്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അമേരിക്കന്‍ അതിര്‍ത്തി സേനയാണ് പിടിച്ചു കൊണ്ടു പോയത്. പട്രോളിങ് നടത്തുകയായിരുന്ന സേന ക്യാമറയിലാണ് പെണ്‍കുട്ടി അനധികൃതമായി അതിര്‍ത്തി കടന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ സെഡല്ലയെ പിടികൂടി ചോദ്യം ചെയ്‌ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ജയിലിലാണ് കൗമാരക്കാരിയെ താമസിപ്പിച്ചത്.

തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാതിരുന്ന തന്റെ വിരലടയാളം സൈന്യം ശേഖരിച്ചതായി സെഡല്ല പറഞ്ഞു. ഒരു വലിയ കുറ്റവാളിയെ പോലെയാണ് തനിക്ക് തോന്നിയതെന്നും സെഡല്ല കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ സ്ഥിരതാമസമാക്കിയ മാതാവിനെ കാണാനായിരുന്നു സെഡല്ല ഫ്രാന്‍സില്‍ നിന്ന് എത്തിയിരുന്നത്. സൈന്യം തന്റെ അമ്മയെ ഫോണിലൂടെ വിവരം അറിയിച്ചതായും സെഡല്ല പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിലാണ് അബദ്ധത്തിലാണ് സെഡല്ല അതിര്‍ത്തി കടന്നതെന്ന് സൈന്യത്തിന് മനസ്സിലായത്. നൂറോളം കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന വലിയ മുറിയിലാണ് സെഡല്ല രണ്ടാഴ്‌ച കഴിഞ്ഞത്.

ജയിലിലെ മറ്റ് അന്തേവാസികളെല്ലാം പരസ്‌പരം സഹായിക്കുന്നവരായിരുന്നുവെന്ന് സെഡല്ല പറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം പാസ്‌പോര്‍ട്ടും മറ്റ് രേഖകളുമായി മാതാവ് എത്തിയെങ്കിലും മോചനം വൈകി. പെണ്‍കുട്ടിയുടെ മേലുളള എല്ലാ കുറ്റങ്ങളും എടുത്ത് കളഞ്ഞെങ്കിലും അമേരിക്കയിലേക്കുളള സെഡല്ലയുടെ യാത്രയ്‌ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ