ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. ഡിസംബർ രണ്ടാം വാരം മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഫ്രാൻസിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. 

ഡിസംബർ എട്ട് മുതൽ 10 വരെ മക്രോൺ ഇന്ത്യയിലുണ്ടാകുമെന്ന് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാണ്ട്രെ സ്ലീഗർ പറഞ്ഞു.  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്മാർട്ട് സിറ്റി, നവീകരണ ഊർജ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്യുമെന്ന്  സ്ലീഡർ പറഞ്ഞു.

39 വയസ്സുള്ള മക്രോൺ കഴിഞ്ഞ മെയിലാണ് ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേറ്റത്. 65.5 ശതമാനം ജനങ്ങളുടെയും പിന്തുണ നേടിയാണ് മക്രോൺ പ്രസിഡന്റ് സ്ഥാനത്ത് വിജയിച്ച് കയറിയത്.  ഇതിന് പിന്നാലെ ഫ്രാൻസിലെ പാർലമെന്റിന്റെ അധോസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും മക്രോൺ പക്ഷത്തിനായിരുന്നു വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ