പാരീസ്: വലതു പക്ഷ സ്ഥാനാർത്ഥി മേരിൻ ലേ പെന്നിന്റെ വെല്ലുവിളി അതിജീവിച്ച മിതവാദിയായ സ്ഥാനാർത്ഥി ഇമ്മാനുവേൽ മക്രോണിന് മികച്ച വിജയം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 65.5 ശതമാനം പേരുടെ പിന്തുണ നേടിയ മക്രോണിനെ ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുത്തു.

39 വയസ്സുള്ള മക്രോൺ ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മക്രോൺ വിജയിക്കുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും വോട്ടിംഗിൽ ഉണ്ടായ കുറവ് വിപരീത തോന്നലാണ് ഉളവാക്കിയത്. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വിജയം മക്രോണിനായിരുന്നു.

“വലിയൊരു വിഭാഗം ജനങ്ങളിലും ദേഷ്യവും ആശങ്കയും സംശയങ്ങളും ഞാൻ കണ്ടു” എന്ന് പാരീസിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ മക്രോൺ പറഞ്ഞിരുന്നു. “രാജ്യത്തിന്റെ പുരോഗതിയെ പുറകോട്ട് വലിക്കുന്ന തരത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കാൻ ഞാൻ പരിശ്രമിക്കും” എന്ന് അദ്ദേഹം ഉറപ്പുനൽകി.

“യൂറോപ്പുമായും ഫ്രാൻസിലെ ജനങ്ങൾക്കുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ശ്രദ്ധിക്കും”​എന്ന് ഉറപ്പുനൽകിയ പുതിയ പ്രസിഡന്റ്, പാർലമെന്റിൽ ഭൂരിപക്ഷം നൽകണമെന്ന ആവശ്യം ജനങ്ങൾക്ക് മുന്നിൽ വച്ചു. “തീവ്ര വലത് നിലപാടുകാർക്ക് ഇനി ആരും വോട്ട് ചെയ്യാത്ത വിധത്തിൽ തനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന്” മക്രോൺ ഒരു  വിജയറാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.

ജൂണിൽ നടക്കുന്ന പാർലമെന്റ് അധോസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള ശ്രമമാണ് ഇനി ഫ്രഞ്ച് പ്രസിഡന്റനുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 230 ലധികം പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ, “തീവ്രവാദ ഭീഷണി നേരിടാൻ ഫ്രാൻസ് മുന്നിലുണ്ടാകു”മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മക്രോണിന്റെ വിജയത്തെ തുടർന്ന് യൂറോ, നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ വിപണി അവസാനിപ്പിച്ചത്. യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ കൂടി ബാധിക്കുന്നതായിരുന്നു ഈ വിധി. മേരിൻ ലേ പെൻ യൂറോപ് വിരുദ്ധ, ആഗോള വത്കരണ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ മക്രോൺ യൂറോപ്യൻ യൂണിയന് അനുകൂലമായ നിലപാടാണ് എടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ