ഗുവാഹത്തി: വിവരാവകാശപ്രവര്‍ത്തകനും കര്‍ഷക നേതാവുമായ അഖില്‍ ഗോഗോയി 105 ദിവസത്തിന് ശേഷം ജയില്‍മോചിതനായി. ബുധനാഴ്ചയാണ് ദേശീയ സുരക്ഷാനിയമ പ്രകാരം തടവില്‍ കഴിയുകയായിരുന്ന നേതാവ് ജയില്‍മോചിതനാകുന്നത്. ബിജെപിയുടെ കീഴില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലായെന്നും അസം മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാല്‍ ഡല്‍ഹിയിലുള്ള ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ കൈയ്യിലെ പാവയാണ് എന്നുമായിരുന്നു ജയില്‍മോചിതനായ കൃഷക് മുക്തി സംഗ്രം എന്ന കര്‍ഷക സംഘടനയുടെ പ്രസിഡന്റ് കൂടിയായ അഖില്‍ ഗോഗോയിയുടെ ആദ്യപ്രതികരണം.

“ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ ഈ രാജ്യത്ത് ജനാധിപത്യമില്ല. അസമില്‍ ഹിതേശ്വര്‍ സൈകിയും പ്രഫുല്ല കുമാര്‍ മഹന്തയും ഭരിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും മോശം സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാര്‍ ഒരുതരത്തിലുള്ള വിമര്‍ശനങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും അനുവദിക്കുന്നില്ല. ” ഗോള്‍പര ജില്ലാ ജയിലില്‍ നിന്നും മോചിതനായ ഉടനെ മാധ്യമങ്ങളെ കണ്ട ഗോഗോയി ആരോപിച്ചു.

സെപ്റ്റംബര്‍ 15നാണ് ദിബ്രുഗര്‍ പൊലീസ് ഗോഗോയിയേ അറസ്റ്റ് ചെയ്യുന്നത്. ജനങ്ങളോട് ആവശ്യമെങ്കില്‍ ആയുധമെടുക്കുക എന്ന്‍ ആഹ്വാനം ചെയ്തു എന്നാരോപിച്ചായിരുന്നു ഗോഗോയിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ ഗോഗോയിക്കെതിരായ കേസ് ഗുവാഹത്തി ഹൈക്കോടതി തള്ളിയിരുന്നു.

അസമിലെ സര്‍ബനന്ദ സോനാവാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനായിരുന്ന അഖില്‍ ഗോഗോയി ബംഗ്ലാദേശില്‍ നിന്നുമുള്ള ഒരു വിഭാഗം ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നുകൊണ്ട് ഭരണഘടനാപരമായ വ്യവസ്ഥകളെ അട്ടിമറിക്കുവാനാണ് ആര്‍എസ്എസ്-ബിജെപി സഖ്യം ശ്രമിക്കുന്നത് എന്നും ആരോപിച്ചിരുന്നു. “ആര്‍എസ്എസ്സിനും ബിജെപിക്കും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണം. ഇത് ഭരണഘടനാപരമായ വ്യവസ്ഥകളെ തകിടംമറിക്കുന്നത് മാത്രമല്ല. അസാമീസ് സംസാരിക്കുന്ന ജനവിഭാഗങ്ങളെ ന്യൂനപക്ഷമാക്കി മാറ്റുക കൂടി ചെയ്യുന്ന നയമാണ്.” അഖില്‍ ഗോഗോയി പറഞ്ഞു.

സോനവാല്‍ സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരവാദിത്തം മറന്നു എന്നും അഖില്‍ ഗോഗോയി ആരോപിക്കുന്നു. “തദ്ദേശീയരായ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സോനാവാല്‍ അധികാരത്തിലേറുന്നത്. എന്നാല്‍ അധികാരത്തിലേറിയത് മുതല്‍ അവര്‍ ബിജെപി- ആര്‍എസ്എസ് നേതാക്കളുടെ ചട്ടുകമാവുകയായിരുന്നു. തദ്ദേശീയരായ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കെഎംഎസ്എസ് നേതാവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ