scorecardresearch

കരുതല്‍ ഡോസുകള്‍ സ്വീകരിച്ചത് കുറഞ്ഞ ശതമാനം; ഉയര്‍ന്ന രോഗനിരക്കുള്ള കേരളമടക്കമുളള സംസ്ഥാനങ്ങള്‍ പിന്നില്‍

രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 22.24 ശതമാനം പേര്‍ക്ക് മാത്രമാണ് കരുതല്‍ ഡോസ് ലഭിച്ചത്

കരുതല്‍ ഡോസുകള്‍ സ്വീകരിച്ചത് കുറഞ്ഞ ശതമാനം; ഉയര്‍ന്ന രോഗനിരക്കുള്ള കേരളമടക്കമുളള സംസ്ഥാനങ്ങള്‍ പിന്നില്‍

ന്യൂഡല്‍ഹി:കോവിഡ് -19 മുന്‍കരുതല്‍ ഡോസുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ദ്ധനവുണ്ടായിട്ടും രാജ്യത്തെ യോഗ്യരായ ജനസംഖ്യയുടെ അഞ്ചിലൊന്ന് പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കണക്കുകള്‍. ജൂലൈ 15 മുതല്‍ രാജ്യത്തെ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ആരംഭിച്ചതിന് ശേഷമാണിത്. 18-59 വയസ് പ്രായമുള്ളവര്‍ക്കുള്ള 75 ദിവസത്തെ ഡ്രൈവ് ഈ മാസം 30 നാണ് അവസാനിക്കുന്നത്.

ഇതുവരെ, രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 22.24 ശതമാനം പേര്‍ക്ക് മാത്രമാണ് മൂന്നാമത്തെ മുന്‍കരുതല്‍ ഡോസ് ലഭിച്ചത്, എന്നാല്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഇത് 18-59 വയസ് പ്രായമുള്ളവരേക്കാള്‍ ഇരട്ടിയാണ്. 18-59 വയസ്സിനിടയിലുള്ള 77 കോടി ആളുകളില്‍ 17.58 ശതമാനം പേര്‍ക്ക് മാത്രമേ മൂന്നാം ഡോസ് ലഭിച്ചിട്ടുള്ളൂ. എന്നാല്‍ 13.7 കോടി ആളുകളുള്ള 60-ലധികം പ്രായമുള്ളവരില്‍ ഇത് 48.5 ശതമാനമാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യ വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കുന്നതിന് മുമ്പ് ജൂലൈ പകുതി വരെ, 18-59 വയസ്സിനിടയിലുള്ളവരില്‍ 8 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരില്‍ 27 ശതമാനവും മാത്രമാണ് മുന്‍കരുതല്‍ ഡോസ് എടുത്തിരുന്നത്.
സൗജന്യ ഡ്രൈവ് ആരംഭിച്ചതുമുതല്‍, 14.6 കോടി മുന്‍കരുതല്‍ ഡോസുകള്‍ നല്‍കി. ഇതില്‍ 12.7 കോടിയും 18 വയസിനും 59 വയസിനും ഇടയിലുള്ളവരാണ്. ഇതുവരെ, ഇന്ത്യ മൊത്തം 20.2 കോടി മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയെന്നാണ് കണക്കുകള്‍ പറയുന്നത്.

”അണുബാധ കുറഞ്ഞു, അതിനാല്‍ വാക്‌സിനേഷന് ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല. കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ വാക്‌സിനേഷന്‍ വര്‍ദ്ധിക്കുന്നത് ഞങ്ങള്‍ എപ്പോഴും കാണുന്നു. രണ്ട് ഡോസും കഴിച്ചവര്‍ക്കും അണുബാധയുണ്ടാകുന്നു എന്നതാണ് വാക്‌സിന്‍ എടുക്കാന്‍ മടിക്കുള്ള മറ്റൊരു കാരണം. ഇത് കുറയ്ക്കുന്നതിന്, പ്രചാരത്തിലുള്ള നിലവിലെ വകഭേദങ്ങള്‍ മൂലമുണ്ടാകുന്ന അണുബാധകളില്‍ നിന്ന് മികച്ച രീതിയില്‍ പരിരക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളുടെ പുതിയ പതിപ്പുകള്‍ പരിശോധിക്കേണ്ടതുണ്ട്. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസറും ഇന്ത്യയിലെ കോവിഡ് -19 ലെ ലാന്‍സെറ്റ് കമ്മീഷന്‍ അംഗവുമായ ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു.

അതേസമയം വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ ആളുകള്‍ക്ക് പ്രാഥമിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം ആവശ്യമുള്ളതിനാല്‍, മുന്‍കരുതല്‍ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് അനുഭവപ്പെടുന്നില്ലെന്നാണ് ഡല്‍ഹിയിലെ വാക്‌സിനേഷന്‍ ഡ്രൈവില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യ മൂന്നാമത്തെ ഡോസ് നല്‍കാന്‍ തുടങ്ങിയതുമുതല്‍, 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് സൗജന്യമായി തുടരുന്നു – അവര്‍ ഗുരുതരമായ രോഗത്തിനും മരണത്തിനും സാധ്യത കൂടുതലാണ്. അണുബാധയ്ക്ക് വിധേയരാകാനുള്ള സാധ്യത കൂടുതലുള്ള എല്ലാ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്കും ഇത് സൗജന്യമായി ലഭ്യമാണ്. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രിലില്‍ പണം നല്‍കിയാല്‍ 18-59 വയസ്സുള്ള ഗ്രൂപ്പില്‍ മുന്‍കരുതല്‍ ഡോസുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

സൗജന്യ വാക്സിനേഷന്‍ ഡ്രൈവ് സമയത്ത്, വലിയ ഓഫീസ് സമുച്ചയങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, അന്തര്‍ സംസ്ഥാന ബസ് സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്‌സിനേഷനില്‍ മുന്നേറ്റം നടത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം രണ്ടാമത്തേതും മുന്‍കരുതല്‍ ഡോസുകളും തമ്മിലുള്ള ദൈര്‍ഘ്യം ഒമ്പത് മാസത്തില്‍ നിന്ന് ആറ് മാസമായി കുറച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൗജന്യ ഡ്രൈവിന്റെ പ്രഖ്യാപനം വന്നത്. വീടുതോറുമുള്ള ‘ഹര്‍ ഘര്‍ ദസ്തക് 2.0’ കാമ്പെയ്നിലൂടെയും ജൂണ്‍-ജൂലൈ മാസങ്ങളില്‍ മുന്‍കരുതല്‍ ഡോസ് എടുക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുന്‍കരുതല്‍ ഡോസിന്റെ ദേശീയ കവറേജ് 21.54 ശതമാനമായിരുന്നപ്പോള്‍, സംസ്ഥാനങ്ങളുടെ കണക്കുകളില്‍ വലിയ അന്തരമുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 91.9 ശതമാനം വാക്‌സിനേഷന്‍ കാണിക്കുമ്പോള്‍ മേഘാലയയില്‍ ഇത് 6 ശതമാനമാണ്.

രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ ആദ്യ ഡോസ് ലഭിച്ചതിനാല്‍, സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ ഡോസിന്റെ കവറേജ് കണക്കാക്കുന്നത് പ്രായപൂര്‍ത്തിയായവരില്‍ നല്‍കിയ ആദ്യ ഡോസുകളുടെ എണ്ണം കണക്കാക്കിയാണ്. ആന്‍ഡമാന്‍ കൂടാതെ കണക്കുകളില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍ ലഡാക്ക് (52.38 ശതമാനം), ആന്ധ്രാപ്രദേശ് (41.13 ശതമാനം), പുതുച്ചേരി (39.73 ശതമാനം), സിക്കിം (37.48 ശതമാനം) എന്നിവയാണ്.

മേഘാലയയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ കവറേജ് ഉള്ള സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ് (7.14 ശതമാനം), നാഗാലാന്‍ഡ് (7.41 ശതമാനം), പഞ്ചാബ് (7.75 ശതമാനം), ഹരിയാന (8.59 ശതമാനം) എന്നിവയാണ്.

കേന്ദ്രത്തിന്റെ 75 ദിവസത്തെ ഡ്രൈവിന് മുമ്പ് തന്നെ എല്ലാ മുതിര്‍ന്നവര്‍ക്കും സൗജന്യ മുന്‍കരുതല്‍ ഡോസ് നല്‍കുന്ന ഏക സംസ്ഥാനമായ ഡല്‍ഹിയില്‍, മുന്‍കരുതല്‍ ഡോസ് കവറേജ് 19.22 ശതമാനമാണ്.വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത് (36.84 ശതമാനം), ഒഡീഷ (35.93 ശതമാനം) ഉത്തര്‍പ്രദേശ് (25.57 ശതമാനം), ബീഹാര്‍ (22.82 ശതമാനം), പശ്ചിമ ബംഗാള്‍ (22.78 ശതമാനം), മധ്യപ്രദേശ് (22.67 ശതമാനം). എന്നിങ്ങനെയാണ് കണക്കുകള്‍.

കോവിഡ് തുടര്‍ച്ചയായി ഉയരുന്ന മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുന്‍കരുതല്‍ ഡോസുകള്‍ സ്വീകരിച്ചവരുടെ കണക്കുകളും പിന്നിലാണ്. യഥാക്രമം 10.63 ശതമാനവും 11.03 ശതമാനവുമാണ് അവ. വാക്‌സിന്‍ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനങ്ങളാണ്. വാക്‌സിനുകള്‍ ധാരാളമായി ലഭ്യമാണ്, അതിനാല്‍ വാക്‌സിനേഷന്‍ കുറയുന്നതിന് ഇത് കാരണമാകില്ല. മികച്ച ബോധവല്‍ക്കരണ കാമ്പെയ്നുകളുടെ ആവശ്യകതയുണ്ട്, ”ഡോ ഗാര്‍ഗ് പറഞ്ഞു. 60 വയസ്സിനു മുകളിലുള്ളവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവയുള്ളവര്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ ഡോസ് എടുക്കണമെന്നും അവര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Free drive perks up 3rd dose but adult coverage just 21 pc