മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ പാർട്ടി ബിജെപിയുമായുള്ള സഖ്യമെന്ന ഭാരം ഒഴിവാക്കിയതോടെ മഹാരാഷ്ട്രയിൽ മാത്രമല്ല, ബിജെപി ക്യാംപിലും അന്തരീക്ഷം സ്വതന്ത്രമായെന്ന് ശിവസേന. തങ്ങളുടെ മുഖപത്രമായ സാംനയിലൂടെയാണ് ശിവസേന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന സേന നവംബറിലാണ്, തങ്ങളുടെ എതിരാളികളായിരുന്ന കോൺഗ്രസും എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ ഒരു സർക്കാർ രൂപീകരിക്കുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തത്.
“ശിവസേനയുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ബിജെപി ഒഴിവാക്കണം. ബിജെപിയുടെ ചില അംഗങ്ങൾ പ്രതിപക്ഷത്ത് അധികകാലം ഇരിക്കില്ലെന്ന് പോലും പറഞ്ഞിട്ടുണ്ട്. ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ മഹാരാഷ്ട്രയിലും സ്വതന്ത്രമായ ഒരു അന്തരീക്ഷമാണ് ഉള്ളത്,” ലേഖനത്തിൽ പറയുന്നു.
അന്തരീക്ഷം സ്വതന്ത്രമായതിനാലും ഭാരമില്ലാത്തതായതിനാലും ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പോലും ഇപ്പോള്‍ മനസ്സ് തുറന്ന് സംസാരിക്കുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഖഡ്സെ ചില ബിജെപി നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്‍സിപി നേതാവ് ശരദ് പവാറുമായും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഖഡ്‌സെയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വഴിവച്ചിരുന്നു.
“അദ്ദേഹം ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തി. സ്വന്തം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം ധൈര്യത്തോടെ പറയുന്നു. മുൻ ബിജെപി മന്ത്രി പങ്കജ മുണ്ടെയുടെ കാര്യവും ഇതുതന്നെ. എല്ലാവർക്കും ഇപ്പോൾ സമ്മർദ്ദം കുറഞ്ഞതിന്റെ ആശ്വാസം അനുഭവപ്പെടുന്നുണ്ട്,” സേന പറയുന്നു.
താക്കറെയെ വിമർശിച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും ലേഖനത്തിൽ ശിവസേന വെടിയുതിർക്കുന്നു. കോൺഗ്രസിന്റെ സഹായം സ്വീകരിച്ച് മഹാരാഷ്ട്രയിൽ സേനയുടെ മുഖ്യമന്ത്രിയെ നിയമിക്കുമെന്ന് ഉദ്ദവ് താക്കറെ തന്റെ പിതാവ് ബാൽ താക്കറെയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ചോദ്യം ചെയ്തിരുന്നു.
“നിയമസഭയിലെ പ്രതിപക്ഷ നേതാവ് (ഫഡ്‌നാവിസ്) ഇപ്പോഴും അധികാരത്തിൽ അധിഷ്ഠിതനാണെന്ന് തോന്നുന്നു. പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും. കോൺഗ്രസ് പാർട്ടിയെ തകർത്തുകൊണ്ട് അധികാരം ലക്ഷ്യമിടുന്നവർ കോൺഗ്രസിന്റെ സഹായം സ്വീകരിച്ച് സർക്കാർ രൂപീകരിച്ച ഞങ്ങളെ പഠിപ്പിക്കാൻ വരരുത്,” ശിവസേന വ്യക്തമാക്കി.
മുഖ്യമന്ത്രി പദം പങ്കിടുന്ന കാര്യത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ശിവസേനയും ബിജെപിയും തമ്മിലുള്ള ദീര്‍ഘകാല സഖ്യത്തില്‍ വിള്ളല്‍ വീഴുന്നത്. രണ്ടര വർഷം ശിവസേനയും രണ്ടര വർഷം ബിജെപിയും മുഖ്യമന്ത്രി പദം പങ്കിടും എന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് തെറ്റിക്കുകയായിരുന്നു എന്നുമാണ് സേനയുടെ ആരോപണം.