വത്തിക്കാന്‍ സിറ്റി: ഗര്‍ഭച്ഛിദ്രത്തിനെതിരെ ശക്തമായ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതിന് സമാനമാണ് ഗര്‍ഭച്ഛിദ്രമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം.

”ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് കാണുകയാണവിടെ” മാര്‍പാപ്പ വ്യക്തമാക്കി. ജനിക്കാനിരിക്കുന്ന കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടെന്നതാണ് പലരെയും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

ഗര്‍ഭച്ഛിദ്രവും യുദ്ധവും ചൂഷണവുമൊക്കെ ആര്‍ക്കും ഗുണമില്ലാത്ത സംസ്‌കാരങ്ങളാണെന്നും നിഷ്‌കളങ്ക ജീവനെ അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി എങ്ങനെയാണ് ചികിത്സയും മനുഷ്യത്വപരവുമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭിന്നശേഷിക്കാരായി ജനിക്കുന്ന കുഞ്ഞുങ്ങളും മറ്റെല്ലാവരെയും പോലെതന്നെ ഭൂമിക്ക് ആവശ്യമുള്ളവരാണ്. വൃദ്ധര്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളതുപോലെയും ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ദരിദ്രരെപ്പോലെയും തന്നെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നും മാര്‍പാപ്പ പറഞ്ഞു.

നേരത്തെ, അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook