പാരീസ്: ദക്ഷിണ ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കടന്നുകയറി ആളുകളെ ബന്ദികളാക്കിയ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ ഇയാള്‍ ബന്ദികളാക്കി വെടിവെക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 130 പേര്‍ കൊല്ലപ്പെട്ട 2015 നവംബറിലെ പാരീസ് അക്രമി സലാഹ് അബ്ദുസലാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അക്രമം നടത്തിയത്.
താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന അവകാശവാദത്തോടെയാണ് ഇന്ന് അക്രമി വെടിവെപ്പ് നടത്തിയത്. നടന്നത് ഭീകരാക്രമണമാണെന്നും സുരക്ഷാ സേന നിയന്ത്രണം ഏറ്റെടുത്തതായും പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. രാവിലെ 11.15ഓടെയാണ് അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അതിക്രമിച്ച് കയറിയത്.
ഒരു കാര്‍ തട്ടിയെടുത്താണ് ഇയാള്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ഒരാളെ ഇവിടെ വെടിവെച്ച് കൊന്നതിന് ശേഷം മറ്റ് രണ്ട് പേരെ വെടിവെച്ച് പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പൊലീസ് സൂപ്പര്‍മാര്‍ക്കറ്റ് വളയുകയായിരുന്നു. തുടര്‍ന്ന് ഒരു പൊലീസുകാരനെ മാത്രം ബന്ദിയാക്കി മറ്റുളളവരെ പുറത്തേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.