പാരിസ്: പാരിസിൽ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഇന്നലെയും ഇന്നുമായി പതിനായിരക്കണക്കിനു ആളുകൾ തെരുവിൽ പ്രതിഷേധിച്ചു.
മുഹമ്മദ് നബിയുടെ കാരിക്കേച്ചർ വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്തതിന്റെ പേരിലാണ് സാമുവൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയത്. ‘ഞാനും സാമുവൽ’ , ‘ഞാനും അധ്യാപകൻ’ എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് സ്‌ത്രീ- പുരുഷ വ്യത്യാസമില്ലാതെ പതിനായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ചത്. രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
കൊലയ്‌ക്കു പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളാണെന്നും മതതീവ്രവാദം ഫ്രാൻസിൽ അംഗീകരിക്കില്ലെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധ പരിപാടികളിൽ മുഴങ്ങിക്കേട്ടത്. “നിങ്ങൾ ഞങ്ങളെ ഭയപ്പെടുത്താൻ നോക്കണ്ട. ഞങ്ങൾ ഭയപ്പെടില്ല. ഞങ്ങൾ ഫ്രാൻസാണ്. നിങ്ങൾ ഞങ്ങളെ ഭിന്നിപ്പിക്കുകയില്ല,” പ്രധാനമന്ത്രി ജീൻ കാസ്‌റ്റെക്‌സ് ട്വീറ്റ് ചെയ്തു. പ്രതിഷേധക്കാർക്കൊപ്പം പ്രധാനമന്ത്രി ജീനും ഉണ്ടായിരുന്നു.
Read Also: ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം; വി മുരളീധരന് മറുപടിയുമായി സക്കറിയ
അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ഇസ്‌ലാമിക ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് പ്രസ്‌താവിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ആവശ്യപ്പെട്ടു. സെക്കൻഡറി സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റി ക്ലാസിൽ വിദ്യാർഥികൾക്ക് മുഹമ്മദ് നബിയുടെ കാരിക്കേച്ചർ കാണിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഒരു മാസം മുൻപ് നടന്ന സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. “സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാളും ഇക്കൂട്ടത്തിലുണ്ട്,” തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡിന്റെ ഓഫീസ് പറഞ്ഞു. തീവ്രവാദ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊല്ലപ്പെട്ട അധ്യാപകൻ ജോലി ചെയ്യുന്ന സ്‌കൂളിൽ ഇമ്മാനുവൽ മാക്രോൺ സന്ദർശനം നടത്തി. സ്‌കൂളിലെ അധ്യാപകരോട് അദ്ദേഹം സംസാരിച്ചു. “നമ്മുടെ സഹപ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു എന്നതാണ് കാരണം…അഭിപ്രായ സ്വാതന്ത്ര്യം…വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം…രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആക്രമണകാരികൾ ആഗ്രഹിക്കുന്നത്. അതാണ് തീവ്രവാദികളുടെ ലക്ഷ്യം. ഈ തീവ്രവാദത്തിനെതിരെ രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം,” മാക്രോൺ പറഞ്ഞു.