പാരീസ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെ കുറിച്ച് യൂറോപ്യന്‍ യൂണിയന് തയ്യാറാക്കുന്ന പട്ടികയില്‍ മസൂദ് അസ്ഹറിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം യുഎന്‍ രക്ഷാസമിതിയില്‍ ചൈന എതിര്‍ത്തിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈന എതിര്‍പ്പറിയിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കം.
മസൂദ് അസ്ഹറിനെതിരെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഉപരോധങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് ചൈന യു.എന്‍. പ്രമേയത്തെ എതിര്‍ത്തത്. പ്രമേയം അവതരിപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് വീറ്റോ അധികാരമുള്ള ചൈന തടസവാദം ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൈന ഇതിന് മുന്‍പും അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്തിരുന്നു.