ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാന ഇടപാടിലെ ‘അഴിമതിയും പക്ഷപാതിത്വവും’ സംബന്ധിച്ച് ഫ്രാന്‍സ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. അതി സൂക്ഷ്മമായ ജുഡീഷ്യല്‍ അന്വഷണണത്തിന് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സാഹചര്യത്തില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.
”റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് തെളിയിക്കപ്പെട്ടു,” സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഫ്രാന്‍സിലെ അന്വേഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്നോ ബിജെപിയില്‍നിന്നോ അടിയന്തര പ്രതികരണം ഉണ്ടായില്ല.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 ല്‍ ഒപ്പുവച്ച റാഫേല്‍ കരാര്‍ സംബന്ധിച്ച അന്വേഷണം ജൂണ്‍ 14 ആരംഭിച്ചതായാണ് മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. ”ദസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിത 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ 2016 ല്‍ 7.8 ബില്യണ്‍ യൂറോയ്ക്ക് ഇന്ത്യയ്ക്കു വിറ്റത് സംബന്ധിച്ച അഴിമതി ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു,” മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ ധനകാര്യ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് മീഡിയപാര്‍ട്ട് ഏപ്രിലില്‍ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പഠനങ്ങളില്‍ വിദഗ്ധരായ ഫ്രഞ്ച് എന്‍ജിഒ ഷെര്‍പ നല്‍കിയ പരാതിയുടെയും പശ്ചാത്തലത്തിലാണ് പിന്തുടര്‍ന്ന് പിഎന്‍എഫ് ഓഫീസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
Also Read: ശിവാനന്ദയോഗ കേന്ദ്രങ്ങളിലെ ലൈംഗിക പീഡനാരോപണം: അനുയായിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ബി ബി സി
റാഫേല്‍ കരാര്‍ സംബന്ധിച്ച ആദ്യ പരാതി 2019 ല്‍ മുന്‍ പിഎന്‍എഫ് മേധാവി മൂടിവച്ചതായി മീഡിയപാര്‍ട്ട് മാധ്യമപ്രവര്‍ത്തകന്‍ യാന്‍ ഫിലിപ്പിന്‍ പറഞ്ഞു. കരാറിനെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ എഴുതിയ ആളാണ് ഇദ്ദേഹം.
”റാഫേല്‍ കരാര്‍ സംബന്ധിച്ച മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളെയും അസോ ഷെര്‍പയുടെയും പരാതിയെയും തുടര്‍ന്ന് ഒടുവില്‍ അന്വേഷണം ആരംഭിച്ചു. 2019 ല്‍ ആദ്യ പരാതി മുന്‍ പിഎന്‍എഫ് മേധാവി ഏലിയന്‍ ഹൂലെറ്റ് മൂടിവച്ചു,” യാന്‍ ഫിലിപ്പിന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ 10 ലക്ഷം യൂറോ നല്‍കിയതായി മീഡിയപാര്‍ട്ട് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണം നിഷേധിച്ച ദസോള്‍ട്ട്, കരാറിലെത്തിയതില്‍ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു.
ദസോള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റാഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്റ്റംബര്‍ 23 നാണ് എന്‍ഡിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി 59,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. 126 മീഡിയം മള്‍ട്ടി റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള മുന്‍ യുപിഎ സര്‍ക്കാരിന്റെ ഏഴുവര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലായിരുന്നു ഈ തീരുമാനം.
ഇടപാടില്‍ വ്യാപക ക്രമക്കേടുണ്ടെന്നും യുപിഎ സര്‍ക്കാര്‍ ഒരു വിമാനത്തിന് 526 കോടി രൂപ നിരക്കില്‍ വാങ്ങാന്‍ തീരുമാനിച്ചതിനു പകരം 1,670 കോടി രൂപയ്ക്കാണു വാങ്ങുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റാഫേല്‍ ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയും അഴിമതി ആരോപിക്കുകയും ചെയ്തുവെങ്കിലും ഇതെല്ലാം സര്‍ക്കാര്‍ തള്ളുകയായിരുന്നു.