ബംഗളൂരു: ഭീകരരിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിൽ ബംഗളൂരുവിൽ എത്തി. ഡൽഹിയിൽ നിന്ന് ഇന്നു ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഫാ. ഉഴുന്നാലിലിനെ സലേഷ്യൻ സമൂഹാംഗങ്ങൾ ഹൃദ്യമായ വരവേൽപ്പ് നൽകി സ്വീകരിച്ചു. കൂക്ക്ടൗണ്‍ മിൽട്ടണ്‍ സ്ട്രീറ്റിലുള്ള പ്രൊവിൻഷ്യൽ ഹൗസിലേക്കാണ് സലേഷ്യൻ സന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രോവിൻസ് അംഗമായ ഫാ. ഉഴുന്നാലിൽ ആദ്യമെത്തുക. സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ കർദിനാൾമാരെയും മെത്രാപ്പോലീത്തമാരെയും ഫാ. ഉഴുന്നാലിൽ സന്ദർശിക്കും.
ഉച്ചയ്ക്ക് 12നു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ടെലസ്ഫോർ ടോപ്പോ സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന ആർച്ച്ബിഷപ്പുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം 5.30നു ബംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൃതജ്ഞതാ പ്രാർഥനയിലും പൊതുസമ്മേളനത്തിലും ഫാ. ഉഴുന്നാലിൽ പങ്കെടുക്കും.
യെമനിൽ ഭീകരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ കെ.സി.വേണുഗോപാല്‍, ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവര്‍ക്കൊപ്പമാണ് ഫാ. ടോം പ്രധാനമന്ത്രിയെ സന്ദർശിച്ചത്.