ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയിലലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്. അഞ്ച് മണി വരെ 61 ശതമാനം പോളിങ് രേഖപ്പെടുത്തി. അലഹബാദ് ഉൾപ്പെടുന്ന 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ആകെ 680 പേർ ഇവിടെ മത്സരിക്കുന്നുണ്ട്.
അലഹബാദ് നോർത്തിലാണ് ഏറ്റവുമധികം മത്സരാർത്ഥികൾ ഉള്ളത്. 26 പേർ. പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ തുടർന്ന് പ്രശസ്തമായ ഫത്തേപുരിയിൽ ആകെ ആറ് വോട്ടർമാരാണുള്ളത്. ആകെ 1.84 കോടിയാണ് ഇന്ന് വോട്ട് ചെയ്യേണ്ടവരുടെ എണ്ണം. ഇതിൽ സ്ത്രീകൾ 84 ലക്ഷത്തോളം വരും.
സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയുടെ ഭാഗമായ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സമാജ് വാദി പാർട്ടിക്ക് -24, ബി.എസ്.പി-15, കോൺഗ്രസ്-6, ബി.ജെ.പി-അഞ്ച്, പീസ് പാർട്ടി-മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ നേടിയത്. ഇക്കുറി നിയമസഭയിലേക്കും ഇതേ നില ആവർത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.