ഓഗസ്റ്റിൽ ഇന്ത്യ കോവിഡ് മഹാമാരിയുടെ നാലാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ലെജിസ്ലേറ്റീവ് കൗൺസിലിനോട് പറഞ്ഞു.
കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയ ഗണിതശാസ്ത്ര മാതൃക ഓഗസ്റ്റിൽ നാലാമത്തെ തരംഗം പ്രവചിച്ചതായി പിന്നീട് സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവം ഉള്ളതിനാൽ ഏത് സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ സജ്ജരാണ്. ഞങ്ങളുടെ ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു. വാക്സിനേഷൻ ദൗത്യം അഭൂതപൂർവമാണ്. 12 വയസ്സിനു മുകളിലുള്ളവർ പോലും ഇപ്പോൾ കുത്തിവയ്പ് എടുക്കുന്നുണ്ട്. ബിഎ.2 എന്ന വേരിയന്റ് ആദ്യം റിപ്പോർട്ട് ചെയ്തത് ഫിലിപ്പീൻസിലാണ്, ഇപ്പോൾ ഇത് 40 രാജ്യങ്ങളിലേക്ക് വ്യാപിച്ചു,” അദ്ദേഹം പറഞ്ഞു.
“കോവിഡ് പോയി എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് വരെ കോവിഡ് കാലത്തിന് അനുയോജ്യമായ പെരുമാറ്റം നിലനിർത്തണം. നിലവിലെ സാഹചര്യം മനസിലാക്കാൻ ഞങ്ങൾ സാങ്കേതിക ഉപദേശക സമിതിയുമായി ഒരു യോഗം നടത്തും,” മന്ത്രി പറഞ്ഞു.
അതേസമയം, ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ പ്രവചിച്ച തരംഗത്തിന്റെ വ്യാപ്തി അറിവായിട്ടില്ലെന്ന് ക്ലിനിക്കൽ വിദഗ്ധ സമിതി അംഗം ഡോ സിഎൻ മഞ്ജുനാഥ് പറഞ്ഞു.
“നമ്മൾ ജാഗ്രത പാലിക്കുകയും ഉചിതമായ സമയത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും വേണം. ആദ്യത്തെ മൂന്ന് തരംഗങ്ങളിൽ നമ്മൾ പാഠങ്ങൾ പഠിച്ചു, നാലാമത്തെ തരംഗത്തെ നേരിടാൻ നമ്മൾ നന്നായി തയ്യാറാണ്. 90 ശതമാനം ആളുകളും വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും, ഒരാൾ ജാഗ്രത പാലിക്കണം. വീടിനുള്ളിൽ നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിന് ജീനോം സീക്വൻസിങ് അനിവാര്യമാണ്,” അദ്ദേഹം പറഞ്ഞു.