ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസത്തിനിടെ 19 കന്നുകാലികളെ കൊന്ന നാല് വയസുളള കടുവയെ കർണാടക വനംവകുപ്പ് അധികൃതർ പിടികൂടി. കടുവയ്ക്ക് ചെറിയ പരുക്കുകളുണ്ട്. പരുക്ക് പൂർണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കടുവകളെ പിടികൂടിയ ശേഷം കാട്ടിലേക്ക് വിട്ടയയ്ക്കുന്ന ചുരുക്കം കേസുകളിൽ ഒന്നായിരിക്കും ഇത്. മൈസൂരു മൃഗശാലയിലാണ് കടുവയെ ചികിത്സിക്കുന്നത്. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരിലുളള ആനയുടെ നേതൃത്വത്തിൽ നാലു ആനകളെ കൊണ്ടുവന്നിരുന്നു. കടുവയെ പിടികൂടിയതോടെ ഗ്രാമവാസികൾക്ക് ഏറെ ആശ്വാസത്തിലാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ഭയചകിതരായി കഴിയുകയായിരുന്നു കുണ്ടകെരെ ഗ്രാമവാസികൾ.