കൊല്‍ക്കത്ത : പരമോന്നത നീതിപീഠത്തിന്‍റെ പ്രവര്‍ത്തനം ചോദ്യംചെയ്തുകൊണ്ട് നാല് ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയിലേക്ക് നടത്തുന്ന കൈയ്യേറ്റം ജനാധിപത്യത്തിന് ഭീഷണിയാണ് എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനം.

“സുപ്രീംകോടതിയില്‍ ഇന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ അതീവമായ ഉത്കണ്ഠയിലാണ്. സുപ്രീംകോടതിയിലെ ബഹുമാന്യരായ മൂന്ന്‍ മുതിര്‍ന്ന ജഡ്ജിമാരില്‍ നിന്നും നമുക്ക് അറിയാന്‍ സാധിച്ച കാര്യം പൗരന്‍ എന്ന നിലയില്‍ നമ്മളെ ദുഖിപ്പിക്കുന്നതാണ്. ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യത്തിന്‍റെ നെടുംതൂണുകളാണ്. ജുഡീഷ്യറിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൈകടത്തലുകള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.” മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.

സുപ്രീംകോടതിയെ സംരക്ഷിക്കൂ ജനാധിപത്യം സംരക്ഷിക്കൂ എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ജെ. ചെലമേശ്വർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മഥൻ വി ലോക്കൂർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. തങ്ങള്‍ മാധ്യമങ്ങളെ കാണാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്ന് പറഞ്ഞ ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതായും കേസുകള്‍ പങ്കുവെക്കുന്നതില്‍ ക്രമക്കേടുള്ളതായി ആരോപിക്കുകയുണ്ടായി.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസാണ് ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ