ഡെറാഡൂണ്‍: റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പതിനാറുകാരി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ സഹപാഠികളായ നാലു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. കസ്റ്റഡിയിലെടുത്ത നാല് പേര്‍ക്കും 17 വയസാണ് പ്രായം.

തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് സ്‌കൂളിന്റെ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

‘ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്. അതേ സ്‌കൂളില്‍ പഠിക്കുന്ന നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഡെറാഡൂണ്‍ എസ്എസ്‌പി നിവേദിതാ കുറേത്തിക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് സംഭവം സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു,’ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നരേഷ് റാത്തോഡ് പറഞ്ഞു.

അറസ്റ്റിലായ സ്‌കൂള്‍ അധികാരികള്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്നും റാത്തോഡ് പറഞ്ഞു.

‘ഉത്തരാഖണ്ഡിനു പുറത്തു നിന്നുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. അറസ്റ്റ് ചെയ്ത നാലു വിദ്യാര്‍ത്ഥികളെയും ചൊവ്വാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. മറ്റുള്ളവരെ ഇന്നു തന്നെ കോടതിയില്‍ എത്തിക്കും’, റാത്തോഡ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook