മുംബൈ: ബൈകുല്ല പ്രദേശത്ത് ആറു നില കെട്ടിടം തകര്‍ന്നു വീണു മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്തുപേർ മരിച്ചു. 14 ഓളം പേർക്ക് പരുക്കേറ്റു. 17ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 90ഓളം എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്. ഡോഗ് സ്വാഡും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

കെട്ടിടത്തില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ താമസക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെന്നും പകുതിയോളം പേര്‍ ഒഴിഞ്ഞുപോയിരുന്നെന്നും എംഎല്‍എ അമീന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടു പറഞ്ഞു. പഴക്കമേറിയ കെട്ടിടത്തില്‍ ചോര്‍ച്ച ഉള്‍പ്പെടെ നിരവധി പരാതികള്‍ നേരത്തേ ഉണ്ടായിരുന്നു. ആറു കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നതായും പട്ടേല്‍ പറഞ്ഞു.

പരുക്കേറ്റവരെ സമീപത്തുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്‌മോഡിയ സ്ട്രീറ്റിനടുത്തുള്ള മൗലാന ഷൗക്കത്ത് അലി റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. രാവിലെ 8.38നാണ് അപകടവിവരം അറിയിച്ചുകൊണ്ട് അഗ്നിശമനസേനയ്ക്ക് ഫോണ്‍ കോള്‍ എത്തുന്നത്.

10 യൂണിറ്റ് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook