ന്യൂഡല്‍ഹി : ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ സ്വകാര്യതയെ മൗലികാവകാശമാക്കണം എന്നാവശ്യത്തെ പിന്തുണച്ചുകൊണ്ട് സുപ്രീം കോടതിയില്‍ കക്ഷിചേരും. പശ്ചിമ ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകള്‍ക്ക് എതിരായ നിലപാടുമായി കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യത മൗൗലികാവകാശമല്ല എന്നാണു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ എടുക്കുന്ന നിലപാട്.

ചീഫ്ജസ്റ്റിസ് ജെഎസ് ഖേഹറിന്റെ നേത്രുത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച്‌ പരിഗണിക്കുന്ന കേസില്‍ ഈ നാലുസംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരാവുന്നത് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ആവും.

“സ്വകാര്യത എന്നത് നിരുപാധികമായൊരു അവകാശമല്ല. പക്ഷെ അതൊരു മൗലികാവകാശമാണ്. ഈ കോടതി അതിലൊരു സമനില കണ്ടെത്തേണ്ടത് ആവശ്യമാണ്‌” ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ്എ ബോഡ്ബെ, ആര്‍കെ അഗര്‍വാള്‍, രോഹിന്‍ട്ടന്‍ ഫാലി നരിമാന്‍, അഭയ് മനോഹര്‍ സപ്രെ, ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ്‌ കിഷന്‍ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിഷയത്തിലാണ് മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്നാരോപിച്ചുകൊണ്ട്‌ കോടതി മുമ്പാകെ സ്വകാര്യതാസംബന്ധിയായ കേസ് വരുന്നത്. ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതയെ ഹനിക്കുന്നതാണ് എന്നും അതിനാല്‍ ‘മൗലികാവകാഷങ്ങളുടെ” ലംഘനമാണ് എന്നുമായിരുന്നു പരാതിക്കാരന്റെ പക്ഷം.

ഇതിനു പിന്നാലെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യത്തില്‍ വിധിപറയാന്‍ സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിനെ നിയമിക്കുന്നത്. സ്വകാര്യത മൗലികാവകാശമല്ല എന്നാണ് ജൂലൈ 19നു സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ