ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രജൗരിയിലെ ദെവാ പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന പാക് സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫാന്‍ട്രി (എന്‍എല്‍ഐ) യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്.

ഇന്നലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി പ്രദേശത്ത് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കൃഷ്ണഘാട്ടി,​ മെന്തർ പ്രദേശത്തെ ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ ഇന്നലെ വൈകിട്ട് മുതലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിച്ച പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ രൂക്ഷമായ വെടിവയ്‌പും നടത്തി.

ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാക് പോസ്റ്റുകൾ തകർന്നു. 12 പാക് സൈനികർക്കും പരുക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെ ആയിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്ന് ഉന്നത സൈനിക വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം തുടങ്ങിയത്. ആക്രമണം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. വെടിവയ്‌പിൽ ഇന്ത്യയുടെ ഭാഗത്ത് ആളപായമോ നാശനഷ്ടമോ ഇല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ