ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലെ തദ്ദേശീയ ജനതയുടെ നിലനില്‍പ്പില്‍ ആശങ്ക ഉയര്‍ത്തി കൊറോണവൈറസ്. ഗ്രേറ്റ് ആന്‍ഡമാനീസ് ഗോത്രത്തിലെ നാല് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഈ ഗോത്രത്തില്‍ അവശേഷിക്കുന്നത് 53 പേരാണ്. സ്‌ട്രെയ്റ്റ് ദ്വീപില്‍ വസിക്കുന്നവരില്‍ എല്ലാം പരിശോധന നടത്തിയപ്പോഴാണ് നാല് പേരില്‍ രോഗം സ്ഥിരീകരിച്ചതെന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ കോവിഡ്-19 നോഡല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയ അവിജിത് റോയ് പറഞ്ഞു. നാല് പേരുടേയും നില ആശങ്കാജനകമല്ല. ഇവരെ പോര്‍ട്ട് ബ്ലെയറിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം പോര്‍ട്ട് ബ്ലെയറില്‍ വസിക്കുന്ന ഈ ഗോത്ര വംശജരില്‍ പരിശോധിച്ചപ്പോള്‍ ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ദ്വീപ് സന്ദര്‍ശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നതാണെന്നും എന്നാല്‍ ചിലര്‍ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ടു പോയിയെന്നും അവരില്‍ നിന്നാകും രോഗം ഗ്രേറ്റ് ആന്‍ഡമാനീസ് വംശജരില്‍ പടര്‍ന്നതെന്നും ഡോ റോയ് പറഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാറില്‍ ഇതുവരെ 3000-ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിച്ചു. ദ്വീപ സമൂഹത്തില്‍ രോഗം വര്‍ദ്ധിക്കുന്നത് പ്രദേശത്തെ ഗ്രേറ്റ് ആന്‍ഡമാനീസ്, ജരാവാസ്, ഷോംപെന്‍ തുടങ്ങിയ തദ്ദേശീയ വംശജര്‍ക്ക് ഭീഷണിയാണെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.

Read Also: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ്, 2,067 പേർക്ക് രോഗമുക്തി

രോഗ വ്യാപനം തടയുന്നതിന് തദ്ദേശ സമൂഹം യാത്ര ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്. ഭൂരിപക്ഷം ആദിവാസികളും മറ്റു ജനവിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയാണെന്നും അവരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

രോഗം പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ജരാവ സമൂഹത്തെ ദ്വീപിലെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് മാറ്റിയിരുന്നു. ആദിവാസി വിഭാഗങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുകയാണ്.

ദ്വീപ സമൂഹത്തിലെ ആദിവാസി വിഭാഗങ്ങളിലെ ജനസംഖ്യ ഓരോ വര്‍ഷം കഴിയുംതോറും കുറഞ്ഞു വരികയാണ്.

Read in English: Four members of Great Andamenese tribe test positive for Covid-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook