ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികളെ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തു. കാര്‍ഗിലില്‍നിന്ന് ഇന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യാനായി ഡല്‍ഹിയിലേക്കു കൊണ്ടുവന്നതായി പൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപം എപിജെ അബ്ദുള്‍ കലാം റോഡില്‍ ജനുവരി 29നു വൈകിട്ട് അഞ്ചോടെയാണു തീവ്രത കുറഞ്ഞ സ്ഫോടനമുണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ക്കു സംഭവത്തില്‍ കേടുപാട് സംഭവിച്ചിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ഗൂഡാലോചനക്കുറ്റം ചുമത്തി കേസെടുത്തതിനുപിന്നാലെയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.
എംബസിക്ക് പുറത്ത് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നു കരുതുന്ന, സിസിടിവി കാമറയില്‍ പതിഞ്ഞ രണ്ടുപേരെ തിരിച്ചറിയാന്‍ എന്‍ഐഎ കഴിഞ്ഞയാഴ്ച 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനു മുന്‍പ് മിനുറ്റുകള്‍ക്കു മുന്‍പ് രണ്ടു പേര് നടന്നുപോകുന്നത് പൊലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിലൊരാള്‍ ജാക്കറ്റ് ധരിക്കുകയും ബാഗ് കൊണ്ടുനടക്കുകയും ചെയ്തിരുന്നു.
ഇരുന്നൂറിലധികം സിസിടിവി ക്ലിപ്പുകള്‍ പരിശോധിച്ച ശേഷം ഡല്‍ഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തിയ സംശയാസ്പദമായ കാര്യമാണിതെന്ന് അധികൃതര്‍ പറയുന്നു. രണ്ടുപേരും മുഖം മറച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നു പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രത്യേക സെല്ലിന് ഒരു വഴിത്തിരിവും ലഭിക്കാത്തതിനാല്‍, കേസ് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു.
”പ്രത്യേക സെല്‍ ക്രിമിനല്‍ ഗൂഡാലോചന സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കാര്‍ഗിലിലെ നാല് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്യുകയും പങ്ക് കണ്ടെത്താന്‍ ശ്രമിക്കുകയുമാണ്,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.