വാഷിങ്ടണ്‍: ടെക്സസിലെ സ്കൂളിലുണ്ടായ ആക്രമണത്തിന് ആഘാതം അവസാനിക്കുന്നതിന് മുന്‍പ് അമേരിക്കയില്‍ വീണ്ടും വെടവയ്പ്പ്. ടള്‍സയിലെ ആശുപത്രി വളപ്പിലുണ്ടായ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അക്രമി സ്വയം വെടിവച്ചതാണോ അതോ പൊലീസ് കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല.
അക്രമികള്‍ ഇനിയും ആശുപത്രി കെട്ടിടത്തില്‍ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും മരണം ഇനിയും സംഭവിച്ചേക്കാമെന്നുമാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെന്റ് ഫ്രാന്‍സിസ് ആശുപത്രി ക്യാമ്പസ് അടച്ചു.
ഒരു ടിവി ഹെലികോപ്റ്ററില്‍ നിന്നുള്ള ദൃശ്യത്തില്‍ സംഭവ സ്ഥലത്ത് നിന്ന് ഒരാളെ സ്ട്രെച്ചറില്‍ കൊണ്ടു പോകുന്നതായി കാണാം. നിരവധി പൊലീസ് വാഹനങ്ങളും പരിസരത്തുണ്ട്. ആശുപത്രി കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ അടുത്തുള്ള സ്കൂളിലേക്ക് മാറ്റി. മദ്യവും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരാഴ്ച മുന്‍പാണ് ടെക്സസിലെ റോബ് എലമെന്ററി സ്കൂളില്‍ 18 കാരന് ആക്രമണം നടത്തിയത്. വെടിവയ്പ്പില്‍ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ആക്രമി സ്വയം ജീവനൊടുക്കുകയും ചെയ്യുകയായിരുന്നു. അമേരിക്കിയില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന് ആഹ്വാനം ചെയ്തിരുന്നു.
Also Read: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇ ഡി നടപടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു