കോയമ്പത്തൂര്‍: പോത്തന്നൂര്‍ വെള്ളല്ലൂരില്‍ പന്ത്രണ്ട് വയസുകാരിയടക്കം നാലു പേരെ ആന ചവിട്ടി കൊന്നു. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, ജ്യോതിമണി, നാഗമ്മാള്‍ എന്നിവരാണ് മരിച്ചത്. വീടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമെന്നാണ് വിവരം. നിരന്തരം ആന ഇറങ്ങാറുള്ള പ്രദേശമാണ് പോത്തന്നൂര്‍. നേരത്തേയും ഇവിടെ ആനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുനിയമുത്തൂരില്‍ ആനയുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റിരുന്നു. മധുക്കരൈ വനത്തില്‍ നിന്ന് ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് ഇറങ്ങിയ ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
ആനയെ പേടിപ്പിക്കാനായി പടക്ക പൊട്ടിച്ചപ്പോള്‍ ഇത് പാലക്കാട് ദേശീയപാത ഭാഗത്തേക്ക് ഓടുകയായിരുന്നു. പിന്നീട് റോഡ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. തുടര്‍ന്നാണ് വനംവകുപ്പിലെ ജീവനക്കാരായ വിജയകുമാര്‍, കര്‍ത്തികേയന്‍ എന്നിവരെ 25 വയസുള്ള ആന ആക്രമിച്ചത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.