ലഖ്നൗ: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. മിഠായിയില്‍ വിഷം കലര്‍ന്നിട്ടുണ്ടായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.
മിഠായി കഴിച്ചതിന് പിന്നാലെ സിന്‍സായി വില്ലേജില്‍ നാല് കുട്ടികള്‍ മരിച്ചതായാണ് വിവരം ലഭിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കുഷിനഗര്‍ എ എസ് പി റിതേഷ് കുമാര്‍ സിങ് പറഞ്ഞു. മിഠായി കടലാസുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.
വിഷം കലർത്തിയ മിഠായി ആരോ റോഡിലേക്ക് വലിച്ചെറിഞ്ഞതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ റോഡില്‍ മിഠായി കിടക്കുന്നത് കണ്ടതാകാം. വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് കുട്ടികള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ ബോധരഹിതരാവുകയും ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നാലാമത്തെ കൂട്ടിയാണ് റോഡില്‍ കിടന്ന മിഠായി കഴിച്ച വിവരം പുറത്ത് പറഞ്ഞത്.
Also Read: മാസ്ക് ധരിക്കുന്നത് തുടരണം; ധരിച്ചില്ലെങ്കിൽ കേസുണ്ടാവില്ല