ഹരിയാന : മഥുരയിലേക്കുളള ട്രെയിനില്‍ പോവുകയായിരുന്ന ജുനൈദ് എന്ന പതിനഞ്ചുകാരനെ വധിച്ച സംഭവം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നാലുപേരെ അറസ്റ്റുചെയ്തതായി ഹരിയാന പൊലീസ്.

അറസ്റ്റ് ചെയ്ത നാലുപേരില്‍ ഒരാള്‍ “അമ്പതുവയസ്സുളള ഡല്‍ഹി സര്‍ക്കാര്‍ ജീവനക്കാരനാണ്”, മറ്റു മൂന്നുപേര്‍ ബല്ലഭ്ഗഡിലെ ഫാക്റ്ററിയില്‍ തൊഴിലെടുക്കുന്ന ഇരുപത്തിനാലിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. പോലീസ് പറഞ്ഞു. പല്‍വാള്‍ ഹോഡല്‍ പ്രദേശത്തുളള ഒരേ ഗ്രാമത്തില്‍ നിന്നുമുളളവരാണ് ഇവര്‍ നാലുപേരും എന്നും പൊലീസ് വ്യക്തമാക്കുന്നു.

” ജുനൈദിനെ വധിച്ച കുറ്റത്തിന്റെ പേരിലാണ് നാലുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ തിരിച്ചറിയല്‍ പരേഡ് നടക്കുന്നത് വരെ അവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒരുകാര്യവും ഞങ്ങള്‍ ചെയ്യില്ല.” പൊലീസ് സുപ്രണ്ട് കമല്‍ദീപ് ഗോയല്‍ പറഞ്ഞു.

“അറസ്റ്റു ചെയ്യപ്പെട്ട കുറ്റാരോപിതര്‍ കുട്ടികളെ കുത്തിയ (ജുനൈദിനേയും സഹോദരനേയും) പ്രധാന പ്രതിയെക്കുറിച്ച് ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അയാളെ കുടുക്കാനുള്ള എല്ലാ കരുക്കളും ഞങ്ങള്‍ നീക്കുകയാണ്.” ഗോയല്‍ പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ ജുനദിന്‍റെ കൂടെത്തന്നെയുണ്ടായിരുന്ന സഹോദരന്‍ ഹാഷിമും മറ്റു രണ്ടു സുഹൃത്തുകളും കുറ്റാരോപിതരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Read More : ‘ജുനൈദ് റെയില്‍വേസ്റ്റേഷനില്‍ രക്തംവാര്‍ന്നു മരിച്ചപ്പോള്‍ ആരും ഒന്നും കാണുന്നുണ്ടായിരുന്നില്ല’

” അവര്‍ ഞങ്ങളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. അമ്പത് പേരുളള ഒരു മുറിയിലേക്കു ഞങ്ങളെ കൊണ്ടുപോയപ്പോഴേക്കും അതിലുണ്ടായിരുന്ന ഒരാളെ ഞാന്‍ ഉടനെ തന്നെ തിരിച്ചറിഞ്ഞു. അയാളുണ്ടായിരുന്നു എന്ന് അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. ശേഷം അവിടെ ഉണ്ടായിരുന്ന മറ്റുമൂന്നുപേരെയും ഞാന്‍ കാണിച്ചുകൊടുത്തു. ” ഹാഷിം സ്ഥിതീകരിച്ചു.

ഡല്‍ഹിയിലെ സദാര്‍ ബസാറില്‍നിന്നും പെരുന്നാളിനുളള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. സീറ്റിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കം വര്‍ഗീയമാവുകയായിരുന്നു. പിന്നീട് അവര്‍ ജുനൈദിനെയും സഹോദരങ്ങളെയും ബീഫ് തീറ്റക്കാര്‍ എന്നൊക്കെ വിളിക്കുകയുണ്ടായി. അതാണ്‌ ഒടുവില്‍ അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്നത്.

” ഒഖ്ലാസ്റ്റേഷനില്‍ നിന്ന് മറ്റൊരാളുടെ കൂടെ കയറിയ കുറച്ചുകൂടി വയസ്സുളള ഒരാളാണ് കുട്ടികളുമായി സീറ്റിന്റെ പേരില്‍ തര്‍ക്കം ആരംഭിച്ചത്. നമ്മള്‍ അറസ്റ്റ് ചെയ്തിട്ടുളള യുവാക്കളടക്കം അതേ പട്ടണത്തില്‍ നിന്നുമുളള മൂന്നോ നാലോപേര്‍ ന്യൂ ടൗണില്‍ വച്ചു കയറുകയും കലഹത്തില്‍ ഭാഗമാവുകയും ചെയ്യുകയായിരുന്നു. ” പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്‌ മോഹിന്ദര്‍ സിങ്ങ് പറഞ്ഞു.

വെളളിയാഴ്ചയാണ് ഇതേ കേസില്‍ പൊലീസ് ആദ്യ അറസ്റ്റ് നടന്നത്. പല്‍വാളില്‍ നിനുമുളള ഫാക്റ്ററി തൊഴിലാളിയായ രമേശ്‌ കുമാറിനെയാണ് ആദ്യം അറസ്റ്റ്ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യപ്രതിയെന്നു സംശയിച്ച ഇയാളെ ശേഷം ചൊവാഴ്ച ഫരീദാബാദിലേക്ക് നീംക ജയിലിലേക്ക് മാറ്റുകയായിരുന്നു.

” താന്‍ തന്നെയാണ് കൊലചെയ്തത് എന്നാണ് അയാള്‍ ആദ്യ ചോദ്യംചെയ്യലില്‍ അയാള്‍ പറഞ്ഞത്. പിന്നീട് നടന്ന ചോദ്യംചെയ്യലുകളില്‍ അയാള്‍ വാക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ മുഖ്യ കുറ്റവാളികള്‍ക്കുളള തിരച്ചിലിലാണ് ഞങ്ങള്‍” മൊഹിന്ദര്‍ സിങ്ങ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരം നല്‍കുന്നവര്‍ക്ക് ഹരിയാന പോലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

” സിസിടിവി ഫൂട്ടേജുകള്‍ അടിസ്ഥാനപ്പെടുത്തിയല്ല. ഞങ്ങളുടെ അന്വേഷണങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതുവരെയുളള അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. കുറ്റാരോപിതരെ വ്യാഴാഴ്ച ഫരീദാബാദ് കോടതിയില്‍ ഹാജരാക്കും. ” എസ് പി കമല്‍ദീപ് ഗോയാല്‍ പറഞ്ഞു.

Read More : “ആള്‍കൂട്ട നീതിയും ഇസ്‌ലാമോഫോബിയയും ഇന്ത്യയെ പിടിച്ചടക്കിയിരിക്കുന്നു” പുരസ്കാരം തിരിച്ചുനല്‍കി ശബ്നം ഹാഷ്മി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ