ന്യൂഡൽഹി: വിജയ് മല്യ രാജ്യം വിടുന്നതിന് നാല് ദിവസം മുൻപ് കോടതിയെ സമീപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ മല്യയുടെ വിദേശയാത്ര തടയാൻ എസ്ബിഐ ഇത് ചെയ്തില്ല. ഉന്നത എസ്ബിഐ മാനേജ്മെന്റിന് ഈ ഉപദേശം നൽകിയത് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ്. 2016 ഫെബ്രുവരി 28 ന് ഈ നിർദേശം നൽകിയത് വിജയ് മല്യ രാജ്യം വിടാനുളള സാധ്യത മുന്നിൽ കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

“മല്യ രാജ്യം വിടുന്നത് തടയാനാണ് 2016 ഫെബ്രുവരി 28 ന് എസ്ബിഐ മാനേജ്മെന്റിനോട് കോടതിയെ സമീപിക്കാൻ ഞാൻ പറഞ്ഞത്. എസ്ബിഐ ചെയർപേഴ്‌സണും കേന്ദ്രസർക്കാരിലെ ഉന്നതർക്കും ഈ കൂടിക്കാഴ്ചയെ കുറിച്ച് അറിയാമായിരുന്നു. ഞാൻ നൽകിയ നിയമോപദേശവും അവർക്ക് അറിയാവുന്നതാണ്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല,” ദുഷ്യന്ത് ദവെ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

നാല് ദിവസങ്ങൾക്ക് ശേഷം വിജയ് മല്യ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നു. എസ്ബിഐയിലെ നാല് ഉയർന്ന മാനേജർമാരുമായാണ് എസ്ബിഐയുടെ നിയമോപദേശകർ തന്റെ അഭിപ്രായം തേടാനെത്തിയത്. “കിങ്ഫിഷറിന്റേതടക്കം കിട്ടാക്കടവുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയൊന്നും ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.  വായ്‌പ തിരിച്ചുപിടിക്കാൻ ബാങ്ക് ശക്തമായ നടപടികൾ കൈക്കൊളളുന്നുവെന്നാണ് അവർ പറഞ്ഞത്,” ദവെ പറഞ്ഞു.

മല്യ വിദേശത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കാതിരുന്ന എസ്ബിഐ അടക്കമുളള 17 ബാങ്കുകളുടെ കൺസോർഷ്യം പിന്നീട് മാർച്ച് 5 ന് സുപ്രീം കോടതിയിൽ വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി നൽകി.

2016 മാർച്ച് 8 ന് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ മുൻപാകെ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ബാങ്കുകളുടെ പരാതി ഉന്നയിച്ചത്. 17 ബാങ്കുകളിൽ നിന്നുമായി മല്യ 9000 കോടി രൂപ വായ്‌പയെടുത്ത് മുങ്ങിയെന്നാണ് മുകുൾ റോത്തഗി ഉന്നയിച്ചത്.

ജെയ്‌റ്റ്‌ലിയുമായുളള മല്യയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ലണ്ടനിലെ മല്യയുടെ അഭിഭാഷകൻ ക്ലെയർ മോണ്ടെഗോമറിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. “ഈ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുപറയാൻ എനിക്ക് അനുമതി ഇല്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ