കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഏറ്റവും മുകൾത്തട്ടിലെ ടെന്റിൽ നാല് പേരുടെ മൃതദേഹം കണ്ടെത്തി. പർവ്വതാരോഹകരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന ഷെർപ രക്ഷക സംഘമാണ് ഏറ്റവും മുകളിലെ ടെന്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ഇത്തവണത്തെ എവറസ്റ്റ് സീസണിൽ മരിച്ച പർവ്വതാരോഹകരുടെ എണ്ണം പത്തായി.

കഴിഞ്ഞ ആഴ്ച മരിച്ച സ്ലോവാക്യയിൽ നിന്നുള്ള പർവ്വതാരോഹകന്റെ മൃതദേഹം താഴെയെത്തിക്കാനായി പോയ രക്ഷാസേനയിലെ അംഗങ്ങളാണ് നാല് പേർ കൂടി മരിച്ച വിവരം താഴെയറിയിച്ചത്. ഇവരാരൊക്കെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രക്ഷാസേനയിലെ കൂടുതൽ അംഗങ്ങൾ ഇപ്പോൾ ഈ സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്.

സമുദ്രോപരിതലത്തിന് 8000 മീറ്റർ ഉയരെ ദക്ഷിണ ഭാഗത്തുള്ള നാലാം നമ്പർ ടെന്റിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് രക്ഷാ സേനയിലെ അംഗങ്ങൾ ഇവിടെയെത്തിയത്. മൃതദേഹങ്ങൾ താഴെയുള്ള രണ്ടാം നമ്പർ ടെന്റിലേക്ക് എത്തിക്കുന്നതിന് കൂടുതൽ പേരുടെ സഹായം വേണം. ഇവിടെ നിന്ന് ഹെലികോപ്റ്ററിലാണ് ഇവ താഴെയെത്തിക്കുക.

ആറ് പേരാണ് ഈ വർഷം ഇതുവരെ മരിച്ചത്. 8850 മീറ്റർ ഉയരെയുള്ള ലക്ഷ്യസ്ഥാനത്തേക്കായിരുന്നു ഇവർ പോയത്. ഇന്ത്യാക്കാരനായ രവി കുമാർ, അമേരിക്കൻ ഡോക്ടർ റോലണ്ട് യാർവുഡ്, സ്ലോവാക്യയിൽ നിന്നെത്തിയ വ്ലാഡിമർ സ്ട്രബ, ഓസ്ട്രേലിയൻ പൗരൻ ഫ്രാൻസിസ്കോ എൻറികോ മർച്ചെറ്റി എന്നിവർ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മറ്റ് രണ്ട് പേർ നേരത്തേ തന്നെ മരിച്ചിരുന്നു.

മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. ഇത്തവണ ഇത് പത്തായി. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പർവ്വതാരോഹണത്തിന് നേപ്പാൾ ടൂറിസം വകുപ്പ് അനുമതി നൽകിയത് ഈ വർഷമാണ്. 371 പേർക്കായിരുന്നു അനുമതി. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.

2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. എന്നാൽ 2015ൽ അവസരം ലഭിക്കാതിരുന്നവർക്ക് ഈ വർഷം മാത്രമാണ് അവസരം ഉണ്ടായിരുന്നത്. 11000 ഡോളറാണ് മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിന് അടക്കേണ്ട ഫീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ