ബംഗലൂരു: ബംഗലൂരുവില്‍ ഓല കാര്‍ ഡ്രൈവറെ തട്ടിക്കൊണ്ടു പോയി പണം അപഹരിച്ചു. സോമേശേഖര്‍ എന്ന കാര്‍ ഡ്രൈവറാണ് അക്രമത്തിന് ഇരയായത്. വെളളിയാഴ്ച്ച രാത്രി അഡുഗോഡിയില്‍ നിന്നും ദൊമ്മസാന്ദ്രയിലേക്ക് ഓട്ടം വിളിച്ച നാല് യാത്രക്കാരാണ് കൊളളയടിച്ചത്. ഇത് കൂടാതെ സോമശേഖരന്റെ ഭാര്യയെ ഫോണില്‍ വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി നഗ്നയാക്കിയ ശേഷം ചിത്രം പകര്‍ത്തിയെന്നും സോമശേഖരന്‍ പൊലീസില്‍ പരാതി നല്‍കി.
രാത്രി 10 മണിയോടെയാണ് നാല് യാത്രക്കാര്‍ തന്റെ കാറില്‍ കയറിയതെന്ന് സോമശേഖരന്‍ പറയുന്നു. 22 കി.മി ദൂരം മാത്രമായിരുന്നു പോവാനുണ്ടായിരുന്നത്. രാത്രി 10.30ഓടെ ഇവര്‍ പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും ഇവര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തങ്ങളുടെ വീട്ടിലേക്ക് പോവണമെന്നും മുന്നോട്ട് വണ്ടി ഓടിച്ച് പോകണമെന്നും ഇവര്‍ പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോള്‍ നാല് പേരും ചേര്‍ന്ന് തന്നെ മര്‍ദിച്ച് കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയെന്ന് സോമശേഖര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരില്‍ ഒരാളാണ് വണ്ടി ഓടിച്ചത്.
‘അവര്‍ 100 കി.മി. വണ്ടി ഓടിച്ചു. എന്റെ കൈയിലുളള പണം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ടില്‍ 9000 രൂപയുണ്ടായിരുന്നു. കൂടുതല്‍ പണം സുഹൃത്തുക്കളെ വിളിച്ച് അയച്ച് തരാന്‍ ആവശ്യപ്പെടണമെന്ന് അവര്‍ പറഞ്ഞു. പേടിഎം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 20,000 രൂപ സുഹൃത്തിന് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. ആ പണവും അവര്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചു, സോമശേഖര്‍ പറഞ്ഞു.
‘യാത്രയ്ക്കിടെ 30 മിനുട്ടോളം വിജനമായ സ്ഥലത്ത് വണ്ടി നിര്‍ത്തി. അവര്‍ എന്റെ ഫോണ്‍ പിടിച്ചുവാങ്ങി ഭാര്യയെ വീഡിയോകോള്‍ ചെയ്തു. എന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭാര്യയെ കൊണ്ട് അവര്‍ വസ്ത്രം അഴിപ്പിച്ച് സ്ക്രീന്‍ഷോട്ട് എടുത്തു. ആ ഫോണും കൊണ്ടാണ് അവര്‍ കടന്നുകളഞ്ഞത്,’ സോമശേഖര്‍ പറഞ്ഞു. അഡുഗോഡി പൊലീസ് സ്റ്റേഷനില്‍ സോമശേഖര്‍ പരാതി നല്‍കിയിട്ടുണ്ട്.