ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഡല്‍ഹി പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് ഡല്‍ഹി സ്വദേശികളേയും ഒരു ഗുജറാത്ത് സ്വദേശിയേയും ആണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21നാണ് ബര്‍ഖ പരാതി നല്‍കിയത്.

തനിക്ക് ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി മോശമായ ചിത്രങ്ങളും അധിക്ഷേപങ്ങളും അയക്കുന്നുണ്ടെന്നുമുള്ള ബര്‍ഖ ദത്തിന്റെ പരാതിയിലാണ് നടപടി എടുത്തത്. ചിലര്‍ തന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്നും ബര്‍ഖ ദത്ത് പരാതിയില്‍ പറഞ്ഞിരുന്നു. രാജീവ് ശര്‍മ്മ (23), ഹേംരാജ് കുമാര്‍ (31), ആദിത്യ കുമാര്‍ (34), ഷബ്ബിര്‍ ഗുര്‍ഫാന്‍ പിഞ്ചാരി (45) എന്നിവരാണ് അറസ്റ്റിലായത്.

ബര്‍ഖയ്ക്ക് അശ്ലീല ചിത്രം അയച്ച പിഞ്ചാരിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബാക്കി മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നേരിടുന്ന കശ്മീരികളെ സഹായിക്കാന്‍ ബര്‍ഖ ദത്ത് സന്നദ്ധത അറിയിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് നിർദേശം നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇതയച്ചവരുടെ ഫോണ്‍ നമ്പരുകളും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ