ഭോപ്പാൽ: കോളേജ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാൽസംഗത്തിനിരയായ 20 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മഹാറാണ പ്രതാവ് നഗർ പൊലീസ് സ്റ്റേഷനിൽ സംഭവ ദിവസം തന്നെ പെൺകുട്ടി പരാതി നൽകി. ഒരു മണിക്കൂറിനുളളിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ധർമ്മേന്ദ്ര ചൗധരി പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റോഡിലൂടെ നടത്തിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതിനിടയിൽ റോഡിൽനിന്നിരുന്ന ചില സ്ത്രീകൾ പ്രതികളെ മർദിക്കുകയും ചെയ്തു.

പീഡനത്തിനിരയായ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടു വരുന്നതിന് വേണ്ടിയാണ് പ്രതികളെ പൊതുജനമധ്യത്തിലൂടെ നടത്തിച്ചതെന്ന് ഭോപ്പാൽ ഇൻസ്പെക്ടർ ജനൽറൽ ഓഫ് പൊലീസ് ജയ്ദീപ് കുമാർ പറഞ്ഞു. കുറ്റക്കാർക്ക് ഇതൊരു പാഠം കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയായിരുന്നു സംഭവം. കോളേജിലെ സീനിയറായ വിദ്യാർത്ഥി എംപി നഗർ പ്രദേശത്തെ റസ്റ്ററന്റിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു. അവിടെ വച്ച് ചില കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടയിൽ സീനിയർ വിദ്യാർത്ഥി പെൺകുട്ടിയുടെ ഫോൺ തട്ടിപ്പറിച്ച് കൈക്കലാക്കി. ഫോൺ തരണമെങ്കിൽ തന്റെ കൂടെ വരണമെന്ന് പറഞ്ഞു. അതിനുശേഷം പെൺകുട്ടിയെ കൂട്ടി സമീപത്തുളള തന്റെ സുഹൃത്തിന്റെ മുറിയിലേക്ക് പോയി. അവിടെ ഇയാളുടെ മൂന്നു കൂട്ടുകാർ ഉണ്ടായിരുന്നു. രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. മറ്റു രണ്ടുപേർ അവരെ സഹായിച്ചുവെന്നും പെൺകുട്ടിയുടെ പരാതിയിലുളളതായി ഡിജിപി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ